മഞ്ജുവിന്റെ ചോദ്യത്തിന് നസ്‌റിയയുടെ മറുപടി
യുവത്വത്തിന്റെ എല്ലാം പ്രസരിപ്പോടും കൂടി കഥ പറഞ്ഞ അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു സ്ത്രീപക്ഷ സിനിമയല്ല. അതേസമയം, ഒരു പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളെ കുറിച്ച് അതേ പ്രസരിപ്പോടെ പറയുന്നുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ ചോദ്യത്തിനുള്ള മറുപടിയാണ് ഒരു തരത്തില്‍ ബാംഗ്ലൂര്‍ ഡെയ്‌സില്‍ നസ്‌റിയ അവതരിപ്പിച്ച ദിവ്യ എന്ന കഥാപാത്രം.
ഹൗ ഓള്‍ഡ് ആര്‍ യുവില്‍ 'ഹൂ ഡിസൈഡ്‌സ് ദ എക്‌സ്പയറി ഡേറ്റ് ഓഫ് വിമന്‍' എന്ന നിരുപമ(മഞ്ജു വാര്യര്‍) യുടെ ചോദ്യത്തിനുള്ള ഉത്തരം ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ടിറങ്ങുന്നവര്‍ക്ക് ദിവ്യയിലൂടെ ലഭിക്കും. നിരുപമയെ പോലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരുപതാം വയസ്സില്‍ വിവാഹം കഴിക്കേണ്ടിവരുന്ന പെണ്‍കുട്ടിയാണ് ദിവ്യ. പഠിക്കാന്‍ മിടുക്കി. എല്ലാ വിഷയത്തിലും എന്നും ഒന്നാം റാങ്ക് നേടുന്ന ദിവ്യയുടെ സ്വപ്‌നമായിരുന്നു എംബിഎ

എന്നാല്‍ വിവാഹത്തിന് വേണ്ടി എല്ലാ സ്വപ്‌നങ്ങളും അവള്‍ മറന്നു. തന്റെ പേരിനു പിന്നില്‍ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കാനും ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുമായിരുന്നു അവള്‍ക്കിഷ്ടം. ബാംഗ്ലൂരിലെ സ്വപ്‌നതുല്യമായി ജീവിതം നയിക്കാമെന്നത് മാത്രമായിരുന്നു ഏക പ്രതീക്ഷ. എന്നാല്‍ തിരക്കില്‍ നിന്ന് തിരക്കിലേക്കു പോകുന്ന ഭര്‍ത്താവ് ശിവയ്ക്ക് വലുത് അയാളുടെ സ്വപ്‌നങ്ങളായിരുന്നു.
ഭര്‍ത്താവിന് വേണ്ടി തന്റെ സ്വപ്‌നങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കുമ്പോഴും ദിവ്യയ്ക്കുറപ്പുണ്ടായിരുന്നു ഒരു ദിവസം അയാള്‍ അവളെ തിരിച്ചറിയുമെന്ന്. അതു നടക്കാതെ വന്നപ്പോള്‍ 'എനിക്കും സ്വപ്‌നങ്ങളുണ്ട്. നിങ്ങളുടെ കാര്യങ്ങളെല്ലാം വെടിപ്പായി നടത്തി, ചുമ്മാ ഇവിടെ പൂട്ടിയിടാനാണോ എന്നെ വിവാഹം കഴിച്ചതെന്ന്' കണ്ണീരിന്റെ അലമ്പില്ലാതെ അവള്‍ ചോദിക്കുന്നു. അതും ഗവനിക്കാതെ പോകുന്ന ഭര്‍ത്താവിന് മുന്നില്‍ ആഭരണം പണയവച്ച് നടക്കാതെ പോയ എംബിഎ പഠനം പൂര്‍ത്തിയാക്കി ദിവ്യ വിജയ്ച്ച് കാണിച്ചു.
അയാളുടെ തിരക്കുകള്‍ പോലെ അവള്‍ക്കുമുണ്ട് തിരക്കുകള്‍, സ്വപ്‌നങ്ങള്‍ എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ദിവ്യ. തന്റെ അഭാവം ഭര്‍ത്താവിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മനസ്സിലാക്കി കൊടുക്കാന്‍ ദിവ്യയ്ക്ക് സാധിച്ചു. സ്ത്രീ സ്വപ്‌നങ്ങള്‍ക്ക് തടസ്സമാകുന്നത് അവളുടെ ചിന്താഗതി തന്നെയാണ്, അതൊന്ന് മാറ്റാന്‍ തയ്യാറായാല്‍ സ്വപ്‌നങ്ങളെ ആരും തടസ്സപ്പെടുത്തില്ല എന്നാണ് നിരുപമയ്ക്കുള്ള ദിവ്യയുടെ മറുപടി.


Click it and Unblock the Notifications