സുപ്പുവിനേയും അല്ലിയേയും നിങ്ങളേയും അത്രയും ഇഷ്ടമാണ്, ബിഗ് ബ്രദറിനായി നച്ചുവിന്റെ ആശംസ
38ലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. മാതാപിതാക്കള്‍ക്കും ജ്യേഷ്ഠനും പിന്നാലെയായാണ് പൃഥ്വിരാജ് അഭിനയത്തിന്റെ വഴി പിന്തുടര്‍ന്നത്. എഞ്ചിനീയറിംഗ് പഠനം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു നിര്‍ണ്ണായകമായ തീരുമാനമെടുത്തത്. മല്ലിക സുകുമാരനെന്ന അമ്മയാവട്ടെ മകന്റെ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. നന്ദനത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ആടുജീവിതത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍.
അഭിനയം മാത്രമല്ല ആലാപനവും സംവിധാനവും നിര്‍മ്മാണവുമെല്ലാം തനിക്ക് കഴിയുമെന്നും പൃഥ്വിരാജ് തെളിയിച്ചിരുന്നു. സിനിമയിലെത്തിയതിന്റെ 18ാം വര്‍ഷം ആഘോഷിച്ചത് അടുത്തിടെയായിരുന്നു. അച്ഛന്റെ വലിയ മോഹവും മകന്‍ സാക്ഷാത്ക്കരിച്ചിരുന്നു. ലൂസിഫറെന്ന ആദ്യ സംവിധാന സംരംഭം മകന്‍ സമര്‍പ്പിച്ചും അച്ഛനായിരുന്നു. പൃഥ്വിക്കായി മികച്ച സര്‍പ്രൈസൊരുക്കിയായിരുന്നു സുപ്രിയ മേനോനും അലംകൃതയും എത്തിയത്. പിറന്നാള്‍ കേക്കിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
പൃഥ്വിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് നസ്രിയ നസീം. കൂടെയെന്ന ചിത്രത്തില്‍ സഹോദരി സഹോദരന്‍മാരായാണ് ഇരുവരും അഭിനയിച്ചത്. ആ സമയത്താണ് നച്ചുവുമായി അടുത്തിടപഴകിയതെന്നും, ഇത് പോലൊരു കുഞ്ഞനിയത്തിയെ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് നസ്രിയ നസീം. പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പമുള്ള ഫഹദിന്റേയും നസ്രിയയുടേയും ചിത്രവും ആശംസയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

ജന്മദിനാശംസകൾ പ്രിയ സഹോദരാ, നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു, നിങ്ങളെനിക്ക് കുടുംബം പോലെയാണ്, എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദർ. നിങ്ങളായിരിക്കുന്നതിന് നന്ദി, ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോൽ സ്നേഹിക്കുന്നു. മനോഹരമായൊരു വർഷമാവട്ടെ ബ്രദറെന്നായിരുന്നു നസ്രിയ കുറിച്ചത്.
പൃഥ്വിരാജിന്‍റെ മകള്‍ അലംകൃതയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് താനെന്നാണ് നസ്രിയ പറയാറുള്ളത്. ഇടയ്ക്ക് ഫഹദിനൊപ്പം അല്ലിയെ കാണാനായും നച്ചു എത്തിയിരുന്നു. നച്ചു ആന്‍റി എന്നാണ് വരുന്നതെന്ന് മകള്‍ ചോദിക്കാറുണ്ടെന്ന് പറഞ്ഞായിരുന്നു ഇടയ്ക്ക് പൃഥ്വിരാജ് എത്തിയത്. സുപ്രിയയുമായും അടുത്ത ബന്ധമുണ്ട് നസ്രിയയ്ക്ക്. സുപ്രിയയുടെ പിറന്നാള്‍ ദിനത്തിലെ ആശംസ പോസ്റ്റും വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications