നസ്‌റിയ നസീമിന്റെ 'നിക്കാഹ്' മാറ്റിവച്ചു
തലക്കെണ്ട് കണ്ടിട്ട് ആഗസ്തില്‍ നടക്കാനിരിക്കുന്ന ഫഹദ് ഫാസിലുമായുള്ള നസ്‌റിയ നസീമിന്റെ നിക്കാഹ് മാറ്റിവച്ച കാര്യമാണ് പറയുന്നതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ജയ് യുടെ നായികയായി നസ്‌റിയ ഒടുവില്‍ ചെയ്ത തിരുമണം എന്നും നിക്കാഹ് എന്ന തമിഴ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ച കാര്യമാണ് പറയുന്നത്.
മെയ് 15ന് ചിത്രം പ്രദര്‍ശിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തിയ്യതി മാറ്റി. ചിത്രം മെയ് 23ന് രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കൊച്ചടൈയ്‌നൊപ്പമാണ് റിലീസ് ചെയ്യുന്നതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

നസ്‌റിയയുടെ നാലാമത്തെ തമിഴ് ചിത്രമാണ് തിരുമണം എന്നും നിക്കാഹ്. നവാഗതനായ അനീസ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ വിവിധതരം വിവാഹാചാരങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. മനോഹരമായ ഒരു പ്രണയകഥയാണ് നിക്കാഹ് പറയുന്നത്. രാജാറാണി എന്ന ചിത്രത്തിന് ശേഷം നസ്‌റിയയും ജയ് യും ഒന്നിച്ചഭിനയിക്കുന്ന അടുത്ത ചിത്രം കൂടെയാണിത്.
ആസ്‌കര്‍ ഫിലീംസിന്റെ ബാനറില്‍ ആസ്‌കര്‍ രവിചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹീബാ പട്ടേല്‍, 2013ലെ മിസ് സൗത്തിന്ത്യ റണ്ണറപ്പ് ദീക്ഷിത മാണിക്യം, ജമാല്‍, പാണ്ഡിരാജ തുടങ്ങിയവരും അഭിനയിക്കുന്നു. എം ജിബ്രിന്റേതാണ് സംഗീതം.


Click it and Unblock the Notifications











