മോഹന്‍ലാലിനോട് നെടുമുടിയുടെ ചോദ്യം?
വാനപ്രസ്ഥം, കിരീടം, തൂവാനത്തുമ്പികള്‍, ഭരതം തുടങ്ങി മുപ്പത്തിയഞ്ച് വര്‍ഷത്തെ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ അദ്ദേഹം അനശ്വരമാക്കിയ ഒത്തിരി വേഷങ്ങള്‍ കണ്ട് പ്രേക്ഷകര്‍ വാപൊളിച്ചു നിന്നുപോയിട്ടുണ്ട്. വിരള്‍ത്തുമ്പുപോലും കഥാപാത്രത്തിനൊപ്പം ചലിക്കുന്നത് കണ്ട് അത്ഭുപ്പെട്ടിട്ടുണ്ട്. ചെയ്ത വേഷങ്ങളെ കുറിച്ചോര്‍ത്ത് എപ്പോഴെങ്കലും മോഹന്‍ലാല്‍ സ്വയം അഭിമാനിച്ചിരിക്കുമോ?
ചോദ്യം സിനിമാ ഇന്റസ്ട്രിയിലെ ലാലിന്റെ ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായ നെടുമുടിവേണുവിന്റേതാണ്. സാഹിത്യകാരന്മാരും കവികളും പറഞ്ഞു കേട്ടിട്ടുണ്ട്, പലപ്പോഴും അവരുടെ രചനകളും കവിതകളും പിന്നീട് തിരിഞ്ഞുനോക്കുമ്പോള്‍ 'ഞാനാണോ ഇത് ചെയ്തതെന്ന്' തോന്നാറുണ്ടെന്ന്. അതാണ് ഒരു സൃഷ്ടിയുടെ ഏറ്റവും ഉന്നതമായ അവസ്ഥ എന്ന് പറയാം.

സ്വന്തം സിനിമകള്‍, അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ ചില അവസ്ഥകള്‍, പിന്നീടെപ്പോഴെങ്കിലും കാണുമ്പോള്‍ സ്വയം അത്ഭുതപ്പെടുത്തുന്നതായി ലാലിന് തോന്നിയിട്ടുണ്ടോ എന്നാണ് നെടുമുടിയുടെ ചോദ്യം. തീര്‍ച്ചയായും തോന്നിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.
എങ്ങനെ സാധിച്ചു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മോഹന്‍ലാല്‍ സിനിമയില്‍ വന്നിട്ട് 35 വര്‍ഷമായി എന്ന് ആരെങ്കിലും പറയുമ്പോള്‍ എങ്ങനെ സാധിച്ചു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. 35 വര്‍ഷം ഒരു പ്രൊഫഷനില്‍ നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ച് അത്ഭുതം തന്നെയാണ്. തൂവാനത്തുമ്പികളായാലും മറ്റേത് സിനിമയായാലും കാണുമ്പോള്‍ എങ്ങനെ ചെയ്യാന്‍ കഴിഞ്ഞു എന്ന് ആലോചിക്കാറുണ്ട്. വാനപ്രസ്ഥത്തിലെ കഥകളി എങ്ങനെ ചെയ്തു എന്നാലോചിച്ചിട്ടുണ്ട്.
ഇതിന്റെ മൊത്തത്തിലുള്ള ഉത്തരം ഞാന്‍ ദൈവത്തോട് ചോദിച്ചു, എന്നെ സഹായിക്കൂ എന്ന്. അദ്ദേഹം എന്നെ സഹായിക്കുന്നു. അല്ലാതെ എങ്ങനെ ചെയ്തു എന്ന് എനിക്കറിയില്ല. ഇത്രയും കാലം യാത്ര ചെയ്യാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ ഇത്രയും വ്യക്തികളുടെ കൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞു എന്നത് അത്ഭുതമായി തന്നെയാണ് ഞാന്‍ കാണുന്നത്- മോഹന്‍ലാല്‍ പറഞ്ഞു.
കടപ്പാട്: റിലാക്‌സ് മൂവി മാഗസിന്‍


Click it and Unblock the Notifications