നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി, വൈറല്‍ വീഡിയോ
നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. വൃന്ദ പി നായരെയാണ് കണ്ണന്‍ ജീവിത സഖിയാക്കിയത്. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകളാണ് വൃന്ദ. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നടന്ന വിവാഹം തിരുവനന്തപുരം ചെമ്പഴന്തി അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വെച്ചാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നെടുമുടി വേണുവിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

നെടുമുടി വേണുവിന്റെ ഇളയമകനാണ് കണ്ണന്‍ വേണു. ടിആര്‍ സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. ഉണ്ണി വേണു എന്നാണ് മൂത്തമകന്റെ പേര്. സിനിമാ പ്രവര്‍ത്തകര്‍ വിവാഹത്തിന് ഉണ്ടായിരുന്നില്ല. വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചടങ്ങുകള്‍ക്കെല്ലാം നേതൃത്വം വഹിച്ചുനില്‍ക്കുന്ന നെടുമുടി വേണുവിനെയും വീഡിയോയില്‍ കാണാം.
മൂത്തമകന്‍ ഉണ്ണി വേണുവിന്റെ വിവാഹം മുന്‍പ് നടന്നിരുന്നു. മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് നെടുമുടി വേണു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചിരുന്നു. ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷത്തില്‍ എത്തിയ താക്കോലാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.
കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ മധുരരാജയില്‍ പ്രധാന വേഷത്തില്‍ നെടുമുടി വേണുവും അഭിനയിച്ചിരുന്നു. മധുരരാജയുടെ പിതാവായ മാധവന്‍ നായര്‍ ആയാണ് രണ്ടാം ഭാഗത്തില്‍ വീണ്ടും നടന്‍ എത്തിയത്. കമല്‍ഹാസന്‍ ഇന്ത്യന്‍ 2വില്‍ പ്രധാന വേഷത്തില്‍ നെടുമുടി വേണു എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ച താരമാണ് നെടുമുടി വേണു. മലയാളത്തില്‍ മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും പ്രധാന വേഷത്തില്‍ നെടുമുടി വേണു എത്തുന്നുണ്ട്.
Recommended Video
മലയാളത്തില്‍ അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് നെടുമുടി വേണു. കൂടാതെ ഒരു സിനിമ സംവിധാനം ചെയ്യുകയും തിരക്കഥകള്‍ എഴുതുകയും ചെയ്തിരുന്നു താരം. രണ്ട് തവണ ദേശീയ പുരസ്‌കാരങ്ങളും ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നെടുമുടി വേണു നേടിയിരുന്നു. തിരുവനന്തപുരമാണ് ജന്മസ്ഥലമെങ്കിലും ആലപ്പുഴയിലാണ് കുടുംബത്തോടൊപ്പം അദ്ദേഹം സ്ഥിര താമസമാക്കിയത്.


Click it and Unblock the Notifications