നര്‍ത്തകന്‍, നടന്‍, ഇനി സംവിധായകന്‍! മലയാളത്തിലെ ഫ്രീക്കന്‍ നീരജ് മാധവും അനിയനും സംവിധാനത്തിലേക്ക്!!
മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനാണ് നീരജ് മാധവ്. നര്‍ത്തകനായി സിനിമയിലേക്ക് എത്തി സഹതാരങ്ങളുടെ വേഷത്തിലും പിന്നീട് നായകനായും തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുന്ന നീരജ് സംവിധാനം എന്നൊരു മോഹം കൂടി ഉള്ളില്‍ കൊണ്ട് നടക്കുന്ന താരമാണ്. ഉടന്‍ തന്നെ നീരജിന്റെ സംവിധാനത്തില്‍ ഒരു സിനിമ വരുമോ എന്ന് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി നീരജ് എത്തിയിരിക്കുകയാണ്.
ഈ വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നീരജ്. കൂട്ടിന് അനിയന്‍ നവനീത് മാധവുമുണ്ട്. നീരജിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം വഴി ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യം താരം എല്ലാവരെയും അറിയിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാമിലെ ആയിരാമത്തെ പോസ്റ്റാണെന്നും അത് ലേശം സെപ്ഷ്യല്‍ ആയിരിക്കട്ടെ എന്നും പറഞ്ഞായിരുന്നു താരം വീഡിയോ പങ്കുവെച്ചത്.

വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവർഷകാലയളവിൽ സിനിമയിൽ നിന്ന് മനസ്സിലാക്കിയതും പകർന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളിൽ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊർജം തരികയായിരുന്നു. എനിക്ക് മുൻപേ അഭിനേതാവായി ആദ്യം സിനിമയിൽ വന്ന അനിയൻ Navneeth Madhav അവന്റെ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തിൽ പങ്കാളിയായി കൂയെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷം. പലരും ചോദിക്കാറുണ്ട് എപ്പോഴാണ് ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്നതെന്ന്.2019 ആണ് അതിന്റെ സമയം എന്നാണ് തോന്നുന്നത്. ഞങ്ങള്‍ രണ്ട് പേരും കൂടി ഒരു കൊച്ചു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. കുറച്ച് നാളുകളായി ഞങ്ങള് ചെയ്യണം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന പ്രോജക്ടായിരുന്നു ഇത്.
നീരജിന്റെ മനസില്‍ ഏറെ നാളുകളായി ഉണ്ടായിരുന്ന കഥതന്തുവാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നതെന്നാണ് നവനീത് പറയുന്നത്. ഇപ്പോള്‍ സ്‌ക്രീപ്റ്റിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മ്യൂസിക്കിനും ആക്ഷനും പ്രധാന്യമുള്ള സിനിമയായിക്കും വരാനിരിക്കുന്നത്. ഇപ്പോള്‍ അത്രമാത്രമേ പറയുന്നുള്ളു. കൂടുതല്‍ വിശേഷങ്ങള്‍ ഉടനെ ഉണ്ടാവുമെന്നും നീരജും സഹോദരന്‍ നവനീതും പറഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications











