ശ്രീനിവാസനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ട്രോളന്മാരുടെ പ്രിയപ്പെട്ട വേലക്കാരി! അവസരം നൽകി നീരജ് മാധവ്
Recommended Video

സോഷ്യല്‍ മീഡിയയുടെ പിന്തുണ ഗുണവും ദോഷവും ഒരുപോലെ സമ്മാനിക്കുന്നവയാണ്. എന്നാല്‍ ചിലരെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിക്കാന്‍ ഒരു നിമിഷം മതിയെന്നുള്ളതാണ് ശ്രദ്ധേയം. ആരെയെങ്കിലും ടോളന്മാര്‍ ഏറ്റെടുത്താല്‍ പിന്നെ കുറെ കാലത്തേക്ക് അവരായിരിക്കും ഇരകളാവുന്നത്. എന്നാല്‍ വര്‍ഷങ്ങളോളം സോഷ്യല്‍ മീഡിയ ട്രോളുകളിലും മീമുകളിലും നിറഞ്ഞ് നിന്നിട്ടും ആരും തിരിച്ചറിയപ്പെടാതെ പോയൊരു കലാകാരിയുണ്ട്.
കഴിഞ്ഞ ദിവസം നടന്‍ നീരജ് മാധവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ ചാന്‍സ് ചോദിച്ച് വന്നപ്പോഴാണ് ആളൂര്‍ എല്‍സി എന്ന നടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. നേരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് നടിയെ കുറിച്ചുള്ള വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ നീരജ് മാധവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ആരാണ് ആളൂര്‍ എല്‍സി
മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ ഹിറ്റ് സിനിമയായിരുന്നു പട്ടണപ്രവേശം. 1988 ല്‍ റിലീസിനെത്തിയ സിനിമയില്‍ പ്രേക്ഷകരെ ഏറ്റവുമധികം ചിരിപ്പിച്ച രംഗങ്ങളില്‍ ഒന്ന് ശ്രീനിവാസന്‍ വേലക്കാരന്റെ വേഷത്തിലെത്തിയതാണ്. ശ്രീനിവാസനൊപ്പം അവിടെയുണ്ടായിരുന്ന വേലക്കാരിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീനിവാസന്റെ കഷ്ടപ്പാട് കണ്ട് മനസലിഞ്ഞ വേലക്കാരി. ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ, എടീ പെണ്ണേ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാവുന്നുണ്ട് എന്ന ശ്രീനിവാസന്റെ ഡയലോഗായിരുന്നു ഹിറ്റ്. ഇന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന സംഭാഷണങ്ങളിലൊന്നാണിത്. ആ രംഗത്തില്‍ അഭിനയിച്ച നടിയാണ് ആളൂര്‍ എല്‍സി.

അവസരം ചോദിച്ച് ലൊക്കേഷനില്‍
പട്ടണപ്രവേശം മാത്രമല്ല വേറെയും സിനിമകളില്‍ ആളൂര്‍ എല്‍സി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷൂട്ട് നടന്നു കൊണ്ട് ഇരിക്കുന്ന 'ക ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് വീണ്ടും അവസരം ചോദിച്ചെത്തിയ ആളൂര്‍ എല്‍സിയെ മലയാളക്കര വീണ്ടും കാണുന്നത്. ഞാന്‍ പഴയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.. ഇപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല. ആരും വിളിക്കാറും ഇല്ല. എന്തെങ്കിലും അവസരം തരണമെന്ന ആവശ്യവുമായിട്ടായിരുന്നു എല്‍സി ലൊക്കേഷനിലെത്തിയത്. ഒടുവില്‍ എല്‍സിയെ തിരിച്ചറിഞ്ഞ അണിയറ പ്രവര്‍ത്തകര്‍ ആ സിനിമയില്‍ ചാന്‍സ് നല്‍കിയിരിക്കുകയാണ്. ഇക്കാര്യം നടന്‍ നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്.

നീരജിന്റെ വാക്കുകളിലേക്ക്..
പട്ടണപ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവര്‍ക്കും ഓര്‍മ കാണുമല്ലോ അല്ലേ...? 'ചേട്ടന്‍ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ'യെന്നുള്ള ആ ചോദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമെന്ന് പറയട്ടെ എന്റെ പുതിയ ചിത്രമായ 'ക' യുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ പുരോഗമിക്കുന്നതിനിടെ ആ നടി ഞങ്ങളുടെ സെറ്റിലെത്തി. ആളൂര്‍ എല്‍സി.

ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയുണ്ടാക്കി
ട്രോളന്മാര്‍ മുഴുവന്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്‌റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടര്‍ ഫ്‌ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകന്‍ രജീഷ് ലാലും പ്രൊഡ്യൂസര്‍ ശ്രീജിത്തും ചേര്‍ന്നു റൈറ്റേഴ്‌സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എല്‍സി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയുണ്ടാക്കി.

സിനിമയിലേക്ക് വീണ്ടും സ്വാഗതം
ഇന്നു ചേച്ചി വീണ്ടും സെറ്റില്‍ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതല്‍ ഇവിടെ അരിസ്‌റ്റോ ജംക്ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്. പുറപ്പാട്, ഞാന്‍ ഗന്ധര്‍വ്വന്‍, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. പക്ഷെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തിയില്ല. ഇന്നു 'ക'യില്‍ ഒരു വേഷം നല്‍കാമെന്ന് നേരിട്ട് പറയുമ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷം ഞാന്‍ കണ്ടു. എല്‍സി ചേച്ചിയെ 'ക' എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.


Click it and Unblock the Notifications











