മമ്മൂട്ടിയുടെ മധുരരാജയുടെ 100 കോടി നേടുമെന്നുറപ്പ്! നിര്‍മ്മാതാവ് ചില്ലറക്കാരനല്ല! കാണൂ!
Recommended Video

മമ്മൂട്ടിയുടെ ആരാധകരെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. താരനിരയിലും അണിയറപ്രവര്‍ത്തകരിലുമെല്ലാം ഗംഭീര മാറ്റവുമായാണ് ഇത്തവണത്തെ വരവ്. മമ്മൂട്ടി രാജയായി എത്തുമ്പോള്‍ സൂര്യയായി പൃഥ്വിരാജില്ല. തമിഴ് താരമായ ജയ് യാണ് ആ വേഷത്തിലെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബോളിവുഡിന്റെ സ്വന്തം ഐറ്റം നമ്പര്‍ ഗേളായ സണ്ണി ലിയോണിന്റെ നൃത്തവും ചിത്രത്തിലുണ്ടെന്നുമൊക്കെയുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
വിഷുവിനാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. പോയ പ്രൗഢി തിരികെ നേടി ബോക്‌സോഫീസിലെ താരമായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ കൈയ്യടിച്ച് താരത്തിനൊപ്പമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വരവറിയിച്ചാണ് അദ്ദേഹത്തിന്റെ കുതിപ്പ്.
നെല്‍സണ്‍ ഐപ്പാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് അദ്ദേഹം ഈ രംഗത്തേക്ക് കടക്കുന്നത്. സിനിമയില്‍ തുടക്കം കുറിക്കുന്നതിന് മുന്‍പ് ദുബായില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. ചില്ലറക്കാരനല്ല മധുരരാജ നിര്‍മ്മിക്കുന്നത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള ജീവിതകഥയാണ് അദ്ദേഹത്തിന്റേത്.

മധുരരാജ നിര്‍മ്മിക്കുന്നത്
പോക്കിരിരാജയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഉദയ് കൃഷ്ണ- വൈശാഖ് കൂട്ടുകെട്ടുമായുള്ള അടുപ്പമാണ് നിര്‍മ്മാണത്തിലേക്ക് നയിച്ചത്. തുടക്കത്തില്‍ 15 കോടിയായിരുന്നു ബഡ്ജറ്റ്, പിന്നീടാണ് അത് 30 കോടിയിലേക്കെത്തിയത്. മധുരരാജയായി മാറിയതിന് പിന്നാലെയാണ് ജഗപതി ബാബു, പീറ്റര്‍ ഹെയ്ന്‍ , സണ്ണി ലിയോണ്‍ തുടങ്ങിയവരൊക്കെ എത്തിയത്. ഉദയ് കൃഷ്ണയുടെ തിരക്കഥയും വൈശാഖിന്റെ സംവിധാനവും മമ്മൂട്ടിയുടെ അഭിനയവും പീറ്റര്‍ ഹെയ്‌നിന്റെ സ്റ്റണ്ടും ജഗപതി ബാബുവിന്റെ വില്ലന്‍ വേഷവുമാണ് തനിക്ക് ധൈര്യം നല്‍കുന്ന കാര്യമെന്നും അദ്ദേഹം പറയുന്നു.മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

വിദേശത്തേക്കെത്തിയത്
ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളെത്തിയപ്പോഴാണ് നെല്‍സണ്‍ ഐപ്പ് ജോലി തേടി ദുബായിലേക്കെത്തുന്നത്. ടാക്‌സി ഡ്രൈവറുടെ ജോലിയായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. കുന്നംകുളം സ്വദേശിയാണ് അദ്ദേഹം. 500 ദിര്‍ഹം പോലും നാട്ടിലേക്ക് അയക്കാന്‍ പറ്റാത്ത പ്രാരാബ്ദക്കാരനായിരുന്നു തുടക്കത്തില്‍ അദ്ദേഹം. അപ്പോഴും സ്വന്തം വാഹനമെന്ന സ്വപ്‌നം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.

ലോറി ഡ്രൈവറായി
ലോറിയിലൂടെയാണ് സ്വന്തമായി വാഹനമെന്ന സ്വപ്‌നമെന്ന മോഹം സാക്ഷാത്ക്കരിച്ചത്. ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടെ 2 വണ്ടികള്‍ കൂടി വാങ്ങി. ഡ്രൈവര്‍മാരെ നിയമിച്ച് ഓപ്പറേഷന്‍ മാനേജര്‍ പോസ്റ്റിലേക്ക് മാറുകയായിരുന്നു അദ്ദേഹം. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു അന്ന് വന്നത്. 2 വണ്ടി വിറ്റാണ് അന്നത്തെ കടം വീട്ടിയത്. വീണ്ടും ഡ്രൈവറാവുകയായിരുന്നു. അവിടെ നിന്നാണ് ഇപ്പോഴത്തെ വളര്‍ച്ച.

ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്
നമ്മള്‍ മറ്റൊരാളെ ചതിക്കാതിരിക്കുക, ചെയ്യുന്ന കാര്യങ്ങള്‍ പറയുക, പറയുന്ന കാര്യങ്ങള്‍ ചെയ്യുക, തുടക്കത്തില്‍ ദൈവം കൂടെ നിന്നില്ലെങ്കിലും അവസാനമാവുമ്പോഴേക്കും ഒപ്പമുണ്ടാവുമെന്ന് നെല്‍സണ്‍ പറയുന്നു. കുട്ടിക്ക് പാല്‍ വാങ്ങിക്കാന്‍ പോലും കാശില്ലാതിരുന്ന അവസ്ഥയിലൂടെ വരെ താന്‍ കടന്നുപോയിട്ടുണ്ട്. അതില്‍ നിന്നുമൊക്കെ മാറിയാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത്.

100 കോടി ക്ലബിലെത്തും
മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം മധുരരാജയായിരിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എല്ലാ തരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ദഹിക്കാവുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു. 100 കോടി ക്ലബില്‍ എത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നു. നഷ്ടമില്ലാതെ പുതിയ നിര്‍മ്മാതാക്കള്‍ക്ക് മലയാള സിനിമയില്‍ കടന്നുവരാനാവണമെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











