നേരത്തിലെ മണിക് വീണ്ടുമെത്തുന്നു
ആരും പ്രതീക്ഷിക്കാത്ത വിജയം നേടിയ ചിത്രമായിരുന്നു നേരം. ഒരു ചെറു ചിത്രമായിരുന്നിട്ടുപോലും നേരം വലിയ ഹിറ്റായിമാറുകയായിരുന്നു. നേരത്തിലെ വേഷങ്ങള്‍ നായകനും നായികയുമായ നിവിന്‍ പോളിയ്ക്കും നസ്രിയ നസീമിനും വലിയ മൈലേജാണ് നല്‍കിയത്. അതുപോലെതന്നെ ചിത്രത്തില്‍ ചെറിയൊരു കഥാപാത്രമായി എത്തിയ കൃഷ്ണശങ്കറിനും നേരം ഭാഗ്യമായി മാറുകയായിരുന്നു.
മാണിക്കുഞ്ഞ് എന്ന പേര് ചുരുക്കി മണിക്ക് എന്നാക്കി ചെത്തി നടക്കുകയും നസ്രിയയ്ക്കു പിന്നാലെ നടന്ന് വായിനോക്കുകയും ചെയ്യുന്ന കഥാപാത്രത്തെക്കണ്ട് ചിരിക്കാത്ത പ്രേക്ഷകര്‍ ഉണ്ടാവില്ല. ഈ മണിക്കിനെ അവതരിപ്പിച്ച കൃഷ്ണശങ്കറിനെ ഉടനെ മറ്റു ചിത്രങ്ങളിലൊന്നും കണ്ടതുമില്ല. മികച്ച അവസരങ്ങള്‍ക്ക് വേണ്ടി താന്‍ കാത്തരിക്കുകയായിരുന്നുവെന്നാണ് 'മണിക്' പറയുന്നത്.

നേരത്തിന് ശേഷം കൃഷ്ണശങ്കര്‍ സ്വീകരിച്ചിരിക്കുന്ന വേഷം ലിജിന്‍ ജോസ് സംവധാനം ചെയ്യുന്ന ലോ പോയിന്റ് എന്ന ചിത്രത്തിലേതാണ്. ഈ ചിത്രത്തില്‍ അഭയ് എന്ന കോളെജ് പയ്യനെയാണ് കൃഷ്ണശങ്കര്‍ അവതരിപ്പിക്കുന്നത്. നെടുമുടി വേണുവിന്റെ കഥാപാത്രത്തിന്റെ മകനാണ് അഭയ്.
കുഞ്ചാക്കോ ബോബനും നമിത പ്രമോദും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നമിതയെ പ്രണയിക്കുന്ന കഥാപാത്രമാണ് കൃഷ്ണശങ്കറിന്റേത്. ഈ പ്രണയം അഭയ് യെ പ്രശ്‌നത്തില്‍ ചാടിയ്ക്കുകയും അവിടെനിന്നും കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന അഭിഭാഷകന്റെ സഹായത്തോടെ രക്ഷപ്പെടുന്നതുമാണ് ഇതിവൃത്തം.
നേരത്തില്‍ വളരെ യാദൃശ്ചികമായിട്ടാണ് താന്‍ അഭിനയിച്ചതെന്നാണ് താരം പറയുന്നത്. ചിത്രത്തില്‍ ക്യാമറാമാന്റെ അസിസ്റ്റന്റായിരുന്നു കൃഷ്ണശങ്കര്‍. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണെങ്കില്‍ അടുത്ത സുഹൃത്തും. അങ്ങനെ ചിത്രീകരണവേളയില്‍ മണിക്കായി ഒന്ന് അഭിനയിച്ച് നോക്കാന്‍ അല്‍ഫോന്‍സ് പുത്രന്‍ കൃഷ്ണശങ്കറിനോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിയ്‌ക്കൊട്ടും ആത്മവിശ്വാസം തോന്നിയിരുന്നില്ലെന്നും എന്നാല്‍ പിന്നീട് എല്ലാ ശരിയായി വരുകയായിരുന്നുവെന്നും കൃഷ്ണശങ്കര്‍ പറയുന്നു.
ഒരുപാട് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും എല്ലാ ചിത്രങ്ങളിലും ചാടിക്കേറി അഭിനയിക്കാന്‍ താനില്ലെന്നാണ് കൃഷ്ണശങ്കര്‍ പറയുന്നത്. അല്‍ത്താഫ് സലിമിന്റെ ചിത്രമാണ് കൃഷ്ണശങ്കര്‍ അഭിനയിക്കുന്ന പുതിയ ചിത്രം.


Click it and Unblock the Notifications











