ചാക്കോച്ചന്‍റെ ക്രിക്കറ്റ് ടീം, വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്ത്
കൊച്ചി: അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് മാത്രമല്ല ഇനി കേരളത്തിലെ താരക്രിക്കറ്റ് ടീം. അമ്മ ടീമിലെ പലരും ഇനി കളിക്കുക പുതിയ ടീമിലായിരിക്കും. അതാണ് സി-3 ക്രിക്കറ്റ് ക്ലബ്ബ്. സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ്.
കുഞ്ചാക്കോ ബോബനാണ് കേരളത്തിലെ യുവസിനിമ താരങ്ങളുടെ ക്ലബ്ബിന്റെ സാരഥി. ഇന്ദ്രജിത്ത് വൈസ് ക്യാപ്റ്റനും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ടീമിന്റെ ലോഗോ ഫഹദ് ഫാസില്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ജേഴ്‌സി പ്രകാശനം ചെയ്തു.

പൃഥ്വിരാജും നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും, ആസിഫ് അലിയും, വിനു മോഹനും ഒക്കെ അടങ്ങുന്ന താരനിരയാണ് സി 3 ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രത്യേകത. നടന്‍മാര്‍ക്ക് മാത്രമല്ല, സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്കും ടീമില്‍ ഇടമുണ്ട്.
സംവിധാനയകനായ ലിജോ ജോസ് പെല്ലിശ്ശേരി, ഗായകരായ മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ് തുടങ്ങിയവരും ടീമിലുണ്ട്. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സഹോദരന്‍ ദീപു ശാന്ത് ആണ് ടീമിന്റെ ഔദ്യോഗിക പരിശീലകന്‍. സൈജു കുറുപ്പ്, ബിനീഷ് കോടിയേരി, നിഷാന്ത് സാഗര്‍, അഫ്‌സല്‍, നിഖില്‍, റിയാസ് ഖാന്‍ തുടങ്ങിയവരാണ് ടീമിലെ മറ്റ് പ്രമുഖര്‍.
പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയതല്ല ഈ ക്രിക്കറ്റ് ക്ലബ്ബ് എന്നാണ് വിവരം. 2009 ലായിരുന്നു ക്ലബ്ബ് രൂപീകരിച്ചത്. എന്നാല്‍ ഇത്രനാളും സജീവമായിരുന്നില്ല. സത്യത്തില്‍ കൂടുതല്‍ താരനിരയെ ഉള്‍പ്പെടുത്തി റീ ലോഞ്ചിങ് നടത്തുകയാണ് ഉണ്ടായത്.
വെറും ക്രിക്കറ്റ് കളി മാത്രമല്ല ക്ലബ്ബിന്റെ ലക്ഷ്യം. അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉണ്ടാകും. ഇതിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് ക്ലബ്ബിന്റെ വക ധനസഹായം ലോഞ്ചിങ് പരിപാടിയില്‍ കൈമാറി.


Click it and Unblock the Notifications











