സുരാജിന്റെ നായിക ഇനി ചാക്കോച്ചനൊപ്പം: സൗമ്യ സദാനന്ദന്‍ ചിത്രത്തില്‍ നിമിഷ
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് നിമിഷ സജ്ജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രമായിട്ടായിരുന്നു നിമിഷ എത്തിയിരുന്നത്. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. ചിത്രത്തില്‍ സുരാജിന്റെ ഭാര്യയായ ശ്രീജ എന്ന കഥാപാത്രമായാണ് നിമിഷ എത്തിയിരുന്നത്. ഇത്തവണത്തെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിനു ശേഷം നിമിഷ അഭിനയിച്ചത് ഷെയ്ന്‍ നിഗം നായകനായി എത്തിയ ഈഡ എന്ന ചിത്രത്തിലായിരുന്നു. എഡിറ്ററായ ബി.അജിത്ത് കുമാറായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്.

ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപാത്രമായിട്ടായിരുന്നു നിമിഷ എത്തിയിരുന്നത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രത്തിന്റെ കഥ പറഞ്ഞിരുന്നത്. അലന്‍സിയര്‍, സുധി കോപ്പ,സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. ഈഡയ്ക്ക് ശേഷം ടോവിനോയുടെ നായികയായി കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലാണ് നിമിഷ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നടനും സംവിധായകനുമായ മധുപാലാണ് ചിത്രമൊരുക്കുന്നത്. അഭിനയത്തിനു പുറമേ ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായും നിമിഷ പ്രവര്‍ത്തിച്ചിരുന്നു.
കുപ്രസിദ്ധ പയ്യനു ശേഷം നിമിഷയുടെ അടുത്ത ചിത്രം കുഞ്ചാക്കോ ബോബനൊടൊപ്പമാണ്. ടിവി അവതാരകയായും ഡോക്യുമെന്ററി സംവിധായകയായും ശ്രദ്ധ നേടിയിട്ടുളള സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ സോണി മടത്തില്‍ തിരക്കഥയൊരുക്കുന്ന ചിത്രം ഫാമിലി സറ്റയറായിട്ടാണ് ഒരുക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് തൊടുപുഴയില്‍ ആരംഭിച്ചു. വിജയരാഘവന്‍, അശോകന്‍, ഹരീഷ് കണാരന്‍, മല്ലിക സുകുമാരന്‍, ശാന്തി കൃഷ്ണ, പൊന്നമ്മ ബാബു, ചെമ്പില്‍ അശോകന്‍, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications