നസ്‌റിയ നസീമാകാന്‍ നിത്യ മേനോന്‍
ബാംഗ്ലൂര്‍ ഡെയ്‌സ് തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. തമിഴില്‍ ചിത്രത്തിന്റെ പൂജയും കഴിഞ്ഞു. രണ്ട് ഭാഷയിലും ഒരുമിച്ചാണ് ചിത്രമെടുക്കുന്നതെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് പുതിയ വാര്‍ത്ത.
തമിഴില്‍ നസ്‌റിയ അവതരിപ്പിച്ച വേഷം ചെയ്യുന്ന വരുത്തപ്പടാത്ത വാലിഭര്‍ സംഘം, കാക്കി സട്ടൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ശ്രീ ദിവ്യയാണ്. തെലുങ്കിലാകട്ടെ നസ്‌റിയ ആകുന്നത് നിത്യ മേനോന്‍ ആണെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഒറിജിനല്‍ വേര്‍ഷനില്‍ നടാഷ ഫ്രാന്‍സിസ് എന്ന കഥാപാത്രമായി നിത്യ എത്തിയിരുന്നു. ഈ വേഷം തന്നെ ചെയ്യാന്‍ നിത്യയെ സമീപിച്ചപ്പോള്‍, താരം നസ്‌റിയ ചെയ്ത വേഷം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നത്രെ.
ശ്രീറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ചെയ്ത വേഷം ചെയ്യുന്നത് ഷര്‍വാനന്ദാണ്. ഇത് മൂന്നാം തവണയാണ് നിത്യയും ഷര്‍വാനന്ദും ഒന്നിക്കുന്നത്. മല്ലി മല്ലി ഇതി റാണി റോജു, യെമിതോ ഈ മായ എന്നീ സിനിമകളിലാണ് ഇരുവരും ഇതിനു മുമ്പ് തെലുങ്കില്‍ ഒന്നിച്ചത്. മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. ആര്‍ജെ സെറയായി തമിഴിലും തെലുങ്കിലും പാര്‍വ്വതി തന്നെയാവും
ഫഹദ് ചെയ്ത വേഷം തമിഴില്‍ ചെയ്യുന്നത് റാണയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത വേഷത്തില്‍ ആര്യയും നിവിന്‍ പോളി ചെയ്ത വേഷത്തില്‍ ബോബി സിംഹയും എത്തും. ഇഷ തല്‍വാര്‍ ചെയ്ത വേഷത്തില്‍ റായ് ലക്ഷ്മിയാണ് എത്തുന്നത്. അതേ സമയം തമിഴില്‍ നിത്യ തന്നെയാണ് നടാഷ ആകുന്നതെന്നും കേള്‍ക്കുന്നു. ഭാസ്‌കറാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്.


Click it and Unblock the Notifications











