മറ്റ് ഭാഷകളിലെല്ലാം പ്രിയങ്കരി, പക്ഷെ മോളിവുഡുമായി ചേരുന്നില്ല; നിത്യയെ പ്രേക്ഷകർ അംഗീകരിക്കാത്തതോ?
മികച്ച അഭിനേത്രിമാർക്ക് എന്നും മലയാള സിനിമാ ലോകത്ത് സ്ഥാനം ലഭിച്ചിട്ടുണ്ട്. അതേസമയം ചിലരുടെ കഴിവ് കാണാതെ പോകുകയും മറ്റ് ഭാഷകളിൽ ഇവർ താരമാകുകയും ചെയ്തിട്ടുണ്ട്. നടി അമല പോൾ ഉൾപ്പെടെയുള്ളവരുടെ കരിയർ ഗ്രാഫ് ഉദാഹരണം. എന്നാൽ മികച്ച അഭിനേത്രിയാണെന്നറിഞ്ഞിട്ടും പല കാരണങ്ങളാൽ മലയാള സിനിമാ ലോകം ഒരു അകലം കാണിച്ച നടിയാണ് നിത്യ മേനോൻ. ചെറിയ കഥാപാത്രമായാലും ഓൺസ്ക്രീനിൽ പ്രേക്ഷകരുടെ ഒന്നടങ്കം ശ്രദ്ധ വലിച്ചടുപ്പിക്കാൻ മാത്രം അഭിനയ പാടവമുള്ള നടിയാണ് നിത്യ. സിബി മലയിൽ ഉൾപ്പെടെയുള്ള സംവിധായകർക്ക് പ്രിയപ്പെട്ട നടി.
കന്നഡ സിനിമകളിലാണ് നായികയായി നിത്യയുടെ തുടക്കം. ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്ന് വന്നു. പിന്നീടിങ്ങോട്ട് ഒന്നിന് പിറകെ ഒന്നായി നിത്യക്ക് മലയാള സിനിമകൾ ലഭിച്ചു. ഉറുമി, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളിൽ നിത്യ തിളങ്ങി. മലയാളത്തിലെ അടുത്ത മുൻനിര നായിക നടി നിത്യയെന്ന് പലരും കരുതി. പക്ഷെ സംഭവിച്ചത് മറിച്ചാണ്.

നിർമാതാക്കളുമായി പ്രശ്നം
2011 പ്രൊഡ്യൂസേർസ് അസോസിയേഷൻ നിത്യ മേനോനെ വിലക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയുടെ സെറ്റിൽ നിത്യ കാണാൻ മലയാളത്തിലെ പ്രമുഖ നിർമാതാക്കൾ വന്നു. എന്നാൽ നിത്യ ഇവരെ കാണാൻ കൂട്ടാക്കിയില്ല. ഇത് നിർമാതാക്കളെ ചൊടിപ്പിച്ചു. വിലക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗികമായി ഈ വിലക്ക് വന്നില്ല. പക്ഷെ നിത്യയെ പിന്നീട് മലയാളത്തിൽ സജീവമായി കണ്ടിട്ടില്ല. നിത്യ ദേഷ്യക്കാരിയാണെന്ന ഇമേജ് സിനിമാ ലോകത്ത് അതിനകം വന്നിരുന്നു.
വിലക്ക് മാത്രമാണോ പ്രശ്നം
അക്കാലത്ത് പല നടീ നടൻമാർക്ക് നേരെയും വിലക്ക് വന്നിട്ടുണ്ട്. പക്ഷെ നിത്യയുടെ കാര്യത്തിൽ വിലക്ക് മാത്രമല്ല മോളിവുഡിൽ പ്രശ്നമായത്. നിത്യയെ പൂർണമായും അംഗീകരിക്കാൻ മലയാളി പ്രേക്ഷകരും തയ്യാറായിട്ടില്ല. ഈ തോന്നൽ നിത്യക്കുമുണ്ട്. അഭിനയത്തിൽ തനിക്കുള്ള മികവിനെക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ് നിത്യ. എന്നാൽ ഈ പരിഗണന നിത്യക്ക് മലയാളത്തിൽ നിന്ന് ലഭിച്ചിട്ടില്ല. മറ്റ് ഭാഷകളിൽ നിത്യയെ പ്രേക്ഷകർ ഏറ്റെടുത്തപ്പോഴും മലയാളികൾ അൽപ്പം മടിച്ചു.

ഇതിന് പ്രധാന കാരണം മലയാളം സംസാരിക്കുന്ന രീതിയായിരുന്നു. അഭിനയിക്കുന്ന ഭാഷകളിലെല്ലാം സ്വന്തമായി ഡബ് ചെയ്യുന്ന നിത്യക്ക് ഭാഷകൾ പെട്ടെന്ന് പഠിക്കുന്നയാളാണ്. ഇതിൽ നല്ല ആത്മവിശ്വാസവുമുണ്ട്. എന്നാൽ മലയാളികൾ ആദ്യം പോയി തട്ടിയത് നിത്യയുടെ ഈ ആത്മവിശ്വാസത്തിലാണ്. മലയാളിയായിട്ടും നിത്യയുടെ മലയാള ഉച്ചാരണം ശരിയല്ലെന്ന വിമർശനം പരക്കെ വന്നു. അവസാനം പുറത്തിറങ്ങിയ മാസ്റ്റർ പീസ് എന്ന മലയാളം വെബ് സീരീസിലും നിത്യയുടെ മലയാള ഉച്ചാരണം ചിലർ ചൂണ്ടിക്കാട്ടി.
മലയാളത്തിൽ നിന്ന് മാത്രമാണ് ഭാഷയുടെ പേരിൽ തനിക്ക് വിമർശനം കേട്ടതെന്ന് നിത്യ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.
മലയാളി കുടുംബമാണെങ്കിലും നിത്യ ജനിച്ചതും വളർന്നതുമൊന്നും കേരളത്തിൽ അല്ല. ബാംഗ്ലൂരിൽ ആണ്. മലയാളികൾ തന്നെ അംഗീകരിക്കാത്തതിലെ നീരസം അടുത്ത കാലത്ത് നിത്യ പ്രകടിപ്പിച്ചെന്ന വാദവും വന്നു. താൻ കേരളത്തിൽ നിന്നാണെന്ന് പറയുന്നവരോട് തിരുത്തി ബാഗ്ലൂരിൽ നിന്നാണെന്ന് പറയുമെന്ന് നിത്യ അടുത്തിടെ തുറന്ന് പറഞ്ഞു. നിത്യയുടെ സംസാര രീതികളും പലർക്കും ഇഷ്ടമല്ല. ഡിപ്ലോമസിയില്ലാതെ അഭിമുഖങ്ങളിൽ സംസാരിക്കുന്ന നിത്യയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ട്.
സിനിമയോട് താൽപര്യമില്ലാത്ത നടി
സിനിമാ ലോകവുമായി ഒരു തരത്തിലും ചേർന്ന് പോകാനാകാത്ത വ്യക്തിയാണ് താനെന്ന് പല തവണ നിത്യ പറഞ്ഞിട്ടുണ്ട്. ദെെവ നിയോഗം കൊണ്ടാണ് താനിപ്പോഴും നടിയായി തുടരുന്നതെന്നും നടി പറയുന്നു.


Click it and Unblock the Notifications











