അരിസ്റ്റോ സുരേഷിന്റെ നായികയായി നിത്യ മേനോന്‍! കോളാമ്പിയിലെ നിത്യയൊരു ബിനാലെ ആര്‍ട്ടിസ്റ്റാണ്!!
ഏറെ നാളുകള്‍ക്ക് ശേഷം നടി നിത്യ മേനോന്‍ മലയാളത്തില്‍ സജീവമാവുകയാണ്. 100 ഡെയിസ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയിലൂടെയാണ് നിത്യ വീണ്ടും മലയാളത്തിലേക്ക് എത്തിയത്. പിന്നാലെ കൈനിറയെ മലയാള സിനിമകളായിരുന്നു നിത്യയെ കാത്തിരിക്കുന്നത്. അതില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയാണ് കോളാമ്പി.
ബിഗ് ബോസ് മത്സരാര്‍ത്ഥിയായ അരിസ്റ്റോ സുരേഷ് നായകനാവുന്ന കോളാമ്പിയിലും നിത്യയാണ് നായിക. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഒരു ബിനാലെ ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലായിരിക്കും നിത്യ സിനിമയില്‍ അഭിനയിക്കുക. കൊച്ചിയിലേക്ക് ഒരു ഇന്‍സ്റ്റാലേഷന്‍ തയ്യാറാക്കുന്നതിനായി എത്തുന്ന ആര്‍ട്ടിസ്റ്റാണ് നിത്യ അവതരിപ്പിക്കുന്ന കഥാപാത്രം.

തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സിനിമയില്‍ നിന്നും ഇടവേള എടുത്ത ടികെ രാജീവ് കുമാര്‍ കോളമ്പിയിലൂടെ തിരിച്ച് വരവ് നടത്തുകയാണ്. രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റസൂല്‍ പൂക്കൂട്ടിയാണ് സിനിമയ്ക്ക് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. പ്രമുഖ ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.
പ്രാണ, കോളാമ്പി, എന്നീ സിനിമകള്‍ അല്ലാതെ ആനന്ദമാര്‍ഗം, ഇനിയും പേരിടാത്ത ഷഹീദ് ഖാദര്‍ സിനിമ, എന്നിങ്ങനെ മലയാളത്തില്‍ വേറെയും സിനിമകളില്‍ നിത്യ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി നിത്യ വരുന്നു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും നിത്യ സിനിമയില്‍ നിന്നും പിന്മാറിയെന്ന തരത്തിലും വാര്‍ത്തകള്‍ എത്തിയിരുന്നു.


Click it and Unblock the Notifications











