നിത്യ മേനോന്‍ തബുവിന്റെ അനുജത്തിയോ?
ഏയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യ മേനോന്‍ എന്ന നടിയെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. കാഴ്ചയില്‍ ഒരു വെസ്റ്റേണ്‍ സ്റ്റൈലുള്ള നിത്യയുടെ പാസ്റ്റിനെ കുറിച്ച് ആരും അന്വേഷിച്ചിരുന്നില്ല. നിത്യ മലയാളിയാണോ എന്ന് പോലും ആരും ചോദിച്ചില്ല.
പേരില്‍ മേനോന്‍ ഉള്ളതുകൊണ്ട് മലയാളിയാവുമെന്ന് എല്ലാവരും ഊഹിച്ചു. അതെ നിത്യ മലയാളിയാണ്. പക്ഷെ ജനിച്ചതും വളര്‍ന്നതും കേരളത്തിലല്ല. നിത്യയുടെ സിനിമാ അരങ്ങേറ്റവും മലയാളത്തിലല്ല.

ബാംഗ്ലൂര്‍ മലയാളിയാണ് നിത്യ. ഇംഗ്ലീഷ് സിനിമകളിലൂടെയാണ് നിത്യയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതിലെവിടെയാണ് നടി തബുവുമായി ബന്ധം എന്നാവും. 1998 ല്‍ ഒരു ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യയുടെ തുടക്കം. ദ മങ്കി ഹു നോ ടൂ മച്ച് എന്ന ചിത്രത്തില്‍ തബുവിന്റെ ഇളയ സഹോദരിയുടെ വേഷമായിരുന്നുവത്രെ നിത്യയ്ക്ക്.
അതിന് ശേഷം ഒന്ന് രണ്ട് ഇംഗ്ലീഷ് ചിത്രത്തിലും ഒരു ഹിന്ദി ചിത്രത്തിലും ബാലതാരമായി എത്തി. സെവനോ ക്ലോക്ക് എന്ന ഒരു കന്നട ചിത്രത്തിന് ശേഷമാണ് മലയാളത്തില്‍ അരങ്ങേറുന്നത്. അതും ആകാശ ഗോപുരം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം. പിന്നീട് വെള്ളത്തൂവല്‍, കേരള കഫെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഏയ്ഞ്ചല്‍ ജോണില്‍ എത്തുന്നത്.


Click it and Unblock the Notifications