സൂപ്പര്‍താരങ്ങളെ പ്രണയിക്കാനില്ലെന്ന് നിത്യമേനോന്‍
സൂപ്പര്‍താരചിത്രങ്ങളില്‍ നായികമാരാകാനുള്ള ഓഫര്‍ നിരസിയ്ക്കുകയെന്നാല്‍ ചലച്ചിത്രലോകത്ത് വലിയ സംഭവം തന്നെയാണ്. പ്രത്യേകിച്ചും പ്രായം അമ്പത് കഴിഞ്ഞിട്ടും യുവാക്കളായി അഭിനയിക്കുന്ന സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ നിരസിയ്ക്കുകയെന്നാല്‍ പിന്നീട് ഈ നടിമാര്‍ സിനിമയില്‍ത്തന്നെ കാണുമോയെന്ന സംശയമുണ്ടാക്കുന്നതരത്തില്‍ ഗുരുതമായ കുറ്റമായിട്ടാണ് കരുതപ്പെടുന്നത്.
അപ്പോള്‍പ്പിന്നെ സൂപ്പറുകളുടെ പ്രായത്തെയും മറ്റും പറഞ്ഞ്, ആ പ്രായമുള്ള നായകന്മാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് ഒരു യുവ നടി പറഞ്ഞാലുള്ള കാര്യമെന്തായാരിക്കും. അടുത്ത കുറച്ചുദിവസങ്ങളില്‍ ഒരു പക്ഷേ ചലച്ചിത്രലോകം കാണാന്‍ പോകുന്നത് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരിക്കും. വിവാദത്തില്‍ അകപ്പെടാന്‍ പോകുന്നത് ആരാണെന്നല്ലേ നിത്യ മേനോന്‍. ഇതിനകം തന്നെ പലകാര്യങ്ങളിലും ഉറച്ച നിലപാടെടുത്ത് നിത്യ വിവാദങ്ങളില്‍ നായികയായിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പര്‍താരങ്ങളെക്കുറിച്ച് പറഞ്ഞ് നിത്യ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

ഇനി സിനിമയില്‍ മുതിര്‍ന്ന താരങ്ങളെ പ്രണയിക്കാനില്ലെന്നാണ് നിത്യ പറയുന്നത്. തന്നേക്കാള്‍ വല്ലാതെ പ്രായം കൂടിയ താരങ്ങളുമായി ഒന്നിച്ചഭിനയിച്ചാല്‍ സ്‌ക്രീന്‍ കെമിസ്ട്രി ശരിയാകില്ലെന്നാണ് സീനിയര്‍ താരചിത്രങ്ങള്‍ ഒഴിവാക്കുന്നതിന്റെ കാരണമായി നിത്യ പറയുന്നത്(നിത്യ പറഞ്ഞകാര്യത്തില്‍ അല്‍പം കാര്യമില്ലേയെന്ന് തോന്നുന്നത് സ്വാഭാവികം). സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ പിന്നീട് തനിയ്ക്കുതന്നെ അസഹ്യത തോന്നാറുണ്ടെന്നും എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സ്വീകരിച്ചതെന്ന് സ്വയം ചോദിച്ചുപോകാറുണ്ടെന്നും താരം പറയുന്നു.
സിനിമയില്‍ നായികയും നായകനും തമ്മിലുള്ള കെമിസ്ട്രി വളരെ പ്രധാനപ്പെട്ടകാര്യമാണ്. അത് ഇല്ലാതെ സിനിമ മികച്ചതാവില്ല. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചാല്‍ മാത്രമേ ചിത്രം വിജയിയ്ക്കൂഎന്ന് തോന്നുന്നില്ല. വ്യത്യസ്തമായ വേഷങ്ങള്‍ വേണമെന്നാണ് ഞാനാഗ്രഹിക്കുന്നത്- നിത്യ പറയുന്നു.
ഇതിന് മുമ്പ് ചട്ടക്കാരി എന്ന ചിത്രവുമായിബന്ധപ്പെട്ടും നടിമാര്‍ക്ക് മാനേജര്‍മാര്‍ പാടില്ലെന്നുള്ള നിര്‍മ്മാതാക്കളുടെ സംഘടനകളുടെ തീരുമാനത്തെ എതിര്‍ത്തുമെല്ലാം നിത്യ വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications