എനിയ്ക്ക് ലഭിച്ചത് അപൂര്‍വ്വ ഭാഗ്യം: നിവേദ
'വെറുതേയൊരു ഭാര്യ' എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ച നിവേദ തോമസ് ഇന്ന് ആ പഴയ കുട്ടിയേയല്ല. തമിഴകത്ത് ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന യുവതാരമാണിന് നിവേദ. ജില്ലയില്‍ മോഹന്‍ലാലിനും വിജയിയ്ക്കുമൊപ്പം അഭിനയിച്ച് തകര്‍ത്തതോടെ നിവേദയുടെ താരമൂല്യം കൂടിയിരിക്കുകയാണ്. ഒട്ടേറെ പുതിയ അവസരങ്ങള്‍ തന്നെ തേടിയെത്തുന്നുണ്ടെന്ന് നിവേദ പറയുന്നു.
ലാലേട്ടന്റെയും വിജയ് അണ്ണയുടെയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കരുതുന്നത്. ആദ്യം കുറച്ച് ടെന്‍ഷനൊക്കെയുണ്ടായിിരുന്നു. പക്ഷേ രണ്ടുപേരും എന്നെ നന്നായി പിന്തുണച്ചു. എന്റെ വേഷം മികച്ചതാക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്- നിവേദ പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് ഞാനഭിനയിച്ച 'പോരാളി' എന്ന ചിത്രം കണ്ടിട്ടാണ് സംവിധായകന്‍ നേശന്‍ ജില്ലയിലേയ്ക്ക് എന്നെ വിളിച്ചത്. രണ്ട് ഭാഷയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഒരാളുടെ മകളായും മറ്റേയാളുടെ സഹോദരിയായും അഭിനയിക്കാനുള്ള അപൂര്‍വ്വ ഭാഗ്യമാണ് എനിയ്ക്ക് ലഭിച്ചത്- നിവേദ പറയുന്നു.
തമിഴില്‍ നല്ല അവസരങ്ങള്‍ ലഭിയ്ക്കുന്നതിനാല്‍ മലയാളത്തിലേയ്ക്ക് അടുത്തൊന്നും തിരിച്ചില്ലെന്നും നിവേദ വ്യക്തമാക്കുന്നു. അതേസമയം നല്ല വേഷങ്ങള്‍ കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കാതിരിക്കില്ലെന്നും താരം പറഞ്ഞു.
ഇപ്പോള്‍ രണ്ട് തെലുങ്ക് ചിത്രങ്ങള്‍ക്കുവേണ്ടി കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ് നിവേദ. ഈ ചിത്രങ്ങള്‍ കഴിഞ്ഞേ മലാളചിത്രങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നാണ് നിവേദ പറയുന്നത്.
റോമന്‍സ്, ചാപ്പ കുരിശ്, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളില്‍ നിവേദ ചെയ്ത വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











