ഇരുവൃക്കകളും തകരാറിലായ ആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് നിവിന്‍ പോളി! വൈറലായി ചിത്രം
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് നിവിന്‍ പോളി. ലവ് ആക്ഷന്‍ ഡ്രാമ ഹിറ്റായതോടെ വീണ്ടും വിജയ നായകനായി മാറിയിരിക്കുകയാണ് താരം. നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ സിനിമകളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

നിവിന്റെ സിനിമകള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയാണ് പലപ്പോഴും ലഭിക്കാറുളളത്. പ്രേമത്തിന്റെ ഗംഭീര വിജയത്തിലൂടെ കേരളത്തിന് പുറമെ തമിഴ്നാട്ടിലും നടന് നിരവധി ആരാധകരെ ലഭിച്ചിരുന്നു. നിലവില്‍ നിവിന്‍ പോളിയുടെ നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് സജീവമായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ കടുത്ത ആരാധികയായ അഞ്ജലിയുടെ ആഗ്രഹം നടന്‍ സാധിച്ചുകൊടുത്തിരുന്നു.

തന്റെ പ്രിയ താരത്തെ നേരില്‍ കാണണമെന്ന ആരാധികയുടെ ഏറെ നാളത്തെ ആഗ്രഹമാണ് നിവിന്‍ പോളി സാധിച്ചുകൊടുത്തത്. 26കാരിയായ അഞ്ജലി കൃഷ്ണന്‍ ഇരു വൃക്കക്കളും തകരാറിലായി ഇപ്പോള്‍ ഡയാലീസിസ് ചികില്‍സയിലാണ്. നടനെ നേരില്‍ കാണണമെന്ന ആഗ്രഹം മുന്‍പ് ടെലിഗ്രാമിലെ നിവിന്‍ പോളി ഫാന്‍സ് ഗ്രൂപ്പില്‍ അഞ്ജലി അറിയിച്ചിരുന്നു.

തുടര്‍ന്ന് ഈ വാര്‍ത്ത വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ട് ഒടുവില്‍ നടനിലേക്ക് എത്തുകയായിരുന്നു. അതോടെ അഞ്ജലിയുടെ ആഗഹം അറിഞ്ഞ നടന്‍ ആരാധികയെ കാണാന്‍ നേരിട്ടെത്തുകയായിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലാണ് അഞ്ജലിയെ കാണാനായി താരം നേരിട്ടെത്തിയത്, അഞ്ജലിയോടൊപ്പവും അഞ്ജലിയുടെ വീട്ടുകാരോടൊപ്പവും ചിത്രങ്ങള്‍ എടുക്കാനും നടന്‍ തയ്യാറായി.

നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്ന വേളയിലാണ് നിവിന്‍ പോളി ആരാധികയെ കാണാനെത്തിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനാണ് നിവിന്‍ പോളിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമ നേരത്തെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

മൂത്തോന് പുറമെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം, ലിജു കൃഷ്ണയുടെ പടവെട്ട് തുടങ്ങിയ സിനിമകളും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. നിവിന്‍ പോളിയുടെ രാജീവ് രവി ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിന് പിന്നാലെയാണ് നിവിനും രാജീവ് രവിയും വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്നത്.


Click it and Unblock the Notifications