നിവിനിനെ സുഹൃത്തായി കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍: നമിത പ്രമോദ്
നിവിന്‍ പോളി എന്ന നടനെ കുറിച്ച് പറയുമ്പോള്‍ നടന്റെ സൗഹൃദത്തെ കുറിച്ച് പറയാതെ വയ്യ. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയുള്ള അരങ്ങേറ്റം പോലും ഒരു സുഹൃത്ബന്ധത്തില്‍ നിന്നാണ്. 'തട്ടത്തിന്‍ മറയത്ത്' പോലൊരു ഹിറ്റുണ്ടായതും അതേ സൗഹൃദത്തില്‍ നിന്ന്. നിവിന്‍ അഭിനയിച്ച, മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, സെവന്‍സ് തുടങ്ങി ബാംഗ്ലൂര്‍ ഡെയ്‌സ് വരെയുള്ള ചിത്രങ്ങളിലും സൗഹൃദത്തെ നല്ലോണം പൊലിപ്പിക്കുന്നുണ്ട്.
പക്ഷെ ഇത് സിനിമയില്‍ മാത്രമാണോ എന്ന് ചിലര്‍ക്ക് തോന്നിയേക്കാം. ഒരിക്കലുമല്ല. പലരും നിവിന്റെ സൗഹൃദത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്റെ ബന്ധം ഒന്ന് കൊണ്ട് മാത്രമാണ്, തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ല എന്നറിഞ്ഞിട്ടും നിവിന്‍ 'ഓം ശാന്തി ഓശാന'യില്‍ അഭിനയിച്ചതെന്ന് ജൂഡ് ആന്റണി പറഞ്ഞു. നിവിന്‍ സൗഹൃദത്തിന് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് നമിത പ്രമോദാണ്.

സൗഹൃദത്തെ വളരെ അധികം മാനിക്കുന്ന വ്യക്തിയാണ് നിവിന്‍ പോളിയെന്നും അദ്ദേഹത്തെ പോലൊരാളെ സുഹൃത്തായി ലഭിയ്ക്കുന്നത് ഭാഗ്യമാണെന്നുമാണ് നിമിത പ്രമോദ് പറയുന്നത്. നിവിന്‍ അത്ര ഫ്രണ്ട്‌ലി ആണോ എന്ന് ആദ്യം തോന്നിയേക്കാം. എന്നാല്‍ സൗഹൃദങ്ങള്‍ക്ക് നിവിന്‍ നല്‍കുന്ന സ്‌പെയ്‌സ് നമ്മെ അമ്പരിപ്പിയ്ക്കും. സുഹൃത്തുക്കളാണ് നിവിന്‍ പോളിയ്ക്ക് എല്ലാം എന്ന് പറഞ്ഞാലും തെറ്റില്ലെന്നാണ് നമിത പ്രമോദ് പറയുന്നത്.
അങ്ങനെ ഒരാളെ സുഹൃത്തായി ലഭിയ്ക്കുക എന്നതു തന്നെ ഭാഗ്യമാണ്. അത്ര സംസാരപ്രിയനല്ല നിവിന്‍. പക്ഷെ കൂട്ടായി കഴിഞ്ഞാല്‍ എത്രവേണമെങ്കിലും സംസാരിയ്ക്കും. ഒരു നടനെന്ന നിലയില്‍ ഭാഗ്യം വല്ലാതെ നിവിനിനെ അനുഗ്രഹിച്ചിട്ടുണ്ട്. അതോടൊപ്പം വിജയ്ക്കുന്ന തിരക്കഥകള്‍ തിരഞ്ഞെടുക്കാനും നിവിന്‍ മിടുക്കനാണ്. സൗഹൃദം തന്നെയാണ് നിവിന്‍ പോളിയ്ക്ക് നല്‍കാവുന്ന ഏത് നല്ല വിശേഷണത്തിന്റെയും അടിസ്ഥാനം- നമിത പറഞ്ഞു.
'പുതിയ തീരങ്ങള്‍' എന്ന ചിത്രത്തിലാണ് നമിതയും നിവിനും ഒന്നിച്ച് അഭിനയിച്ചത്. പുതിയ തീരങ്ങള്‍ നമിതയെ സംബന്ധിച്ച് നായികയായുള്ള അരങ്ങേറ്റവുമായിരുന്നു. സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications











