നിവിന്‍ പോളിയുടെ മെഡുല്ല ഒബ്ലോംഗേറ്റ തകര്‍ക്കുമോ
ബ്രെയിന്‍ സ്‌റ്റെമിന്റെ താഴേപകുതിയിലായി കാണപ്പെടുന്ന ഭാഗമാണ് മെഡുല്ല ഒബ്ലോംഗേറ്റ. അനൈശ്ചിക ജീവല്‍ പ്രവര്‍ത്തനങ്ങളായ ശ്വസനം, ഛര്‍ദ്ദില്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ ഈ ഭാഗം നിയന്ത്രിക്കുന്നു. ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്. ഈ മസ്തിഷ്‌ക ഭാഗമാണ് സെറിബ്രോ സ്‌പൈനല്‍ ദ്രവം സ്രവിപ്പിക്കുന്നത്. സുഷുമ്‌ന നാഡി ബന്ധിപ്പിച്ചിരിക്കുന്നത് മെഡുല്ലയുമായിട്ടാണ്. നിവിന്‍ പോളിയുടെ തലച്ചോറിന്റെ ഈ ഭാഗത്തിനെന്തു പറ്റിയെന്നാവും ചിന്തിക്കുന്നത്.
നിവിന്റെ മെഡുല്ല ഒബ്ലോംഗേറ്റയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. നിവിന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരാണ് മെഡുല്ല ഒബ്ലോംഗേറ്റ. 'നടുവില കൊഞ്ചം പാക്കത്ത കാണോം' എന്ന തമിഴ് സിനിമയുടെ റീമേക്കാണ് മെഡുല്ല ഒബ്ലോഗേറ്റ എന്ന പേരില്‍ മലയാളത്തില്‍ എടുക്കുന്നത്.

2012ല്‍ തരുണീതരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയാണ് അഭിനയിച്ചത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ത്രില്ലറായിരുന്നു ചിത്രം. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തിനാണ് നിവിന്‍ പോളി ജന്മം കൊടുക്കുന്നത്. സുരേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേധര്‍ മൂവീസിന്റെ ബാനറില്‍ എസ് മധന്‍ നിര്‍മിക്കുന്നു.
ഗ്രാമീണ ക്രിക്കറ്റ് കളിക്കാരന്റെ കഥ പറയുന്ന 1983 എന്ന ചിത്രമാണ് നിവിന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങി നില്‍ക്കുന്നത്. ഓംശാന്തി ഓശാന എന്ന ചിത്രമാവും അത് കഴിഞ്ഞാല്‍ തിയേറ്ററിലെത്തുന്നത്. നേരം എന്ന ചിത്രത്തിലൂടെ മികച്ച ഒരു താര ജോഡികൂട്ടുകെട്ടിന് തുടക്കം കുറിച്ച നിവിന്‍- നസ്‌റിയ വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.


Click it and Unblock the Notifications











