ഉറപ്പിച്ചു; ലാല്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍!
അങ്ങനെ ഒടുവില്‍ ലാല്‍ ജോസിന്റെ ഒരു സിനിമയില്‍ നിവിന്‍ പോളി നായകനായെത്തുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ലാല്‍ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളില്‍ നിവിന്‍ അതിഥി താരമായി എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ലാല്‍ ജോസിന്റെ ഒരു ചിത്രത്തില്‍ നായകനായി എത്താനുള്ള അവസരം നിവിന്‍ പോളിയ്ക്ക് ലഭിയ്ക്കുന്നത്. ലാല്‍ ജോസിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ ആകാംഷ നിവിനിനുമുണ്ട്.

ബോബി- സഞ്ജയ് ടീമാണ് ഈ ലാല്‍ ജോസ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നേരത്തെ പൃഥ്വിരാജ് നായകനായ അയാളും ഞാനും തമ്മില്‍ എന്ന ലാല്‍ ജോസ് ചിത്രത്തിന് വേണ്ടി ബോബി- സഞ്ജയ് തിരക്കഥയെഴുതിയിട്ടുണ്ട്. ഈ ചിത്രത്തിലൂടെ ലാല്‍ ജോസിന് ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.
നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പാത്ര നിര്‍ണയം ഒന്നും തീരുമാനമായില്ല. നിലവില്‍ തന്റെ പുതിയ ചിത്രമായ നീനയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ് ലാല്‍ ജോസ്.


Click it and Unblock the Notifications