ബിഗ് ബജറ്റിൽ നിവിന്‍ പോളിയുടെ മാസ്, മിന്നിക്കുന്നത് ഉണ്ണി മുകുന്ദനോ? മിഖായേൽ ചരിത്രമാവാനുള്ള വരവാണ്
Recommended Video

കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയ്ക്ക് അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു. 2018 ഫെബ്രുവരിയിലെത്തിയ ഹേയ് ജൂഡ് എന്ന ഫീല്‍ ഗുഡ് മൂവി പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ നിവിന്‍ ടൈറ്റില്‍ റോളിലെത്തിയ കായംകുളം കൊച്ചുണ്ണിയായിരുന്നു ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്. ബിഗ് ബജറ്റിലൊരുക്കിയ കൊച്ചുണ്ണി 100 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ വാരിക്കൂട്ടിയിരുന്നു.
മലയാളത്തില്‍ ഇതുവരെ ഒരു യുവതാരത്തിനും ലഭിക്കാത്ത ഭാഗ്യമായിരുന്നു കായംകുളം കൊച്ചുണ്ണിയിലൂടെ നിവിന് ലഭിച്ചത്. കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് മിഖായേല്‍. പുതിയ വര്‍ഷത്തില്‍ റിലീസിനൊരുങ്ങുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഇപ്പോള്‍ മിഖായേലിനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

മിഖായേല്‍
കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന സിനിമയാണ് മിഖായേല്‍. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്നതും അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് മിഖായേല്‍. 2019 ലെ നിവിന്റെ ആദ്യ ചിത്രമായിട്ടാണ് മിഖായേല്‍ വരുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരുന്ന പോസ്റ്ററുകളും ടീസറും ട്രെയിലറുമെല്ലാം പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കിയിരുന്നു.

ടിക്കറ്റുകള്‍ വിറ്റുപോയി
ജനുവരി 18 നാണ് മിഖായേലിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമ റിലീസിനെത്താന്‍ രണ്ട് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോള്‍ മിഖായേലിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. അതിനുള്ളില്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റ് പോയി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മ്മിക്കുന്നത്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

സിനിമയുടെ ഇതിവൃത്തം
ഇമോഷണല്‍ രംഗങ്ങളുള്ള കിടലിനൊരു ആക്ഷന്‍ ചിത്രമായിരിക്കും മിഖായേല്‍ എന്നാണ് സൂചന. ഫാമിലി ക്രൈം ഗണത്തില്‍ വരുന്ന സിനിമയുടെ പ്രമേയം എന്താണെന്നുള്ളത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് സിനിമ വരുന്നത്. ഹനീഫ് അദേനിയുടെ തിരക്കഥ ആയതിനാല്‍ മാസ് ഘടകങ്ങള്‍ക്കൊപ്പം ആരാധകരെ ത്രസിപ്പിക്കുന്ന രംഗങ്ങളും ഡയലോഗുകളും പ്രതീക്ഷിക്കാം.

വമ്പന്‍ താരനിര
നിവിന്‍ പോളി നായകനാവുമ്പോള്‍ മഞ്ജിമ മോഹനാണ് നായികയായെത്തുന്നത്. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, കെപിഎസി ലളിത, ബാബു ആന്റണി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, അശോകന്‍, ശാന്തികൃഷ്ണ, ജയപ്രകാശ്, ജെഡി ചക്രവര്‍ത്തി തുടങ്ങിയവരാണ് മിഖായേലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനാണ് സിനിമയിലെ വില്ലന്‍. ക്യാരക്ടര്‍ പോസ്റ്ററില്‍ നിന്നും വ്യക്തമായ മാര്‍ക്കോ ജൂനിയര്‍ എന്ന പേരിലെത്തുന്ന ഉണ്ണിയുടെ കഥാപാത്രം ഇതിനകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











