കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബില്‍, അടുത്ത നൂറ് കോടിയ്ക്ക് മിഖായേല്‍! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടൻ!
മലയാളത്തിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് നിവിന്‍ പോളി. കരിയര്‍ തുടങ്ങിയിട്ട് വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയ താരമാണ് നിവിന്‍. കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും സിനിമാ ലോകവും. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം നൂറ് കോടി ക്ലബ്ബിലെത്തുന്ന സിനിമയായി കൊച്ചുണ്ണി മാറിയിരുന്നു.
ഒക്ടോബര്‍ പതിനൊന്നിന് നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തിരുന്നത്. അന്നേ ദിവസം നിവിന്‍ നായകനാവുന്ന മിഖായേല്‍ എന്ന ചിത്രത്തില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നും നിവിന്റെ സംഭാഷണമുള്‍പ്പെടെയുള്ള ടീസറായിരുന്നു വന്നത്. സിനിമയില്‍ കട്ടകലിപ്പിലുള്ള നിവിനെ കാണാന്‍ കഴിയുമെന്ന സൂചനയും ടീസര്‍ നല്‍കിയിരുന്നു.

മിഖായേല്‍ ടീമില്‍ നിന്നും നിവിന്‍ പോളിയുടേതായി നവംബര്‍ ഇരുപതിന് മറ്റൊരു സമ്മാനം കൂടി വരുമെന്ന് പറഞ്ഞിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യാന്‍ പോവുന്നത്. ഇക്കാര്യം നിവിന്‍ നേരത്തെ പറഞ്ഞിരുന്നു. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ് തിരക്കഥ എഴുതി മിഖായേല്‍ സംവിധാനം ചെയ്യുന്നത്.
നിവിന്‍ പോളി നായകനാവുമ്പോള്‍ മഞ്ജിമ മോഹനാണ് നായിക. ശാന്തി കൃഷ്ണ, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, സിദ്ദിഖ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫാമിലി ക്രൈം ഡ്രാമയായി ഒരുക്കുന്ന ചിത്രം ബിഗ് ബജറ്റില്‍ ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications