നിവിനും നിര്‍മാതാവാകുന്നു
പൃഥ്വിരാജ്, ജയസൂര്യ എന്നിവരുടെ പാതയില്‍ തന്നെയാണു നിവിന്‍ പോളിയും. സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റാകാന്‍ തുടങ്ങിയതോടെ നിവിന്‍ പോളിയും നിര്‍മാണത്തിലേക്കു തിരിയാന്‍ തീരുമാനിച്ചു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് നിവിന്‍ നിര്‍മാതാവിന്റെ കുപ്പായം അണിയാന്‍ പോകുന്നത്.
എബ്രിഡിന്റെ ആദ്യചിത്രമായ 1983ല്‍ നിവിന്‍ പോളി തന്നെയായിരുന്നു നായകന്‍. സൂപ്പര്‍ഹിറ്റായ 1983 ആണ് നിവിന്‍ പോളിക്ക് ഹിറ്റുകളുടെ നായകന്‍ എന്ന പേരു സമ്മാനിച്ചത്. അതേ ടീം വീണ്ടും ഒന്നിക്കാന്‍ പോകുകയാണ്. ഇക്കുറി പൊലീസ് ഓഫിസറുടെ വേഷത്തിലാണ് നിവിന്‍ അഭിനയിക്കുന്നത്. എറണാകുളത്ത് ചിത്രീകരണം തുടങ്ങിയ സിനിമയില്‍ പേടിത്തൊണ്ടനായ പൊലീസ് ഓഫിസറായിട്ടാണ് നിവിന്‍ അഭിനയിക്കുന്നത്.

മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും ഇപ്പോള്‍ സ്വന്തം സിനിമ നിര്‍മിക്കുന്ന പാതയിലാണ്. പൃഥ്വിരാജ് ആണ് അതിനു തുടക്കമിട്ടത്. ഓഗസ്റ്റ് ഫിലിംസ് എന്ന കമ്പനി തുടങ്ങിയാണ് പൃഥ്വി സിനിമയില്‍ പണം മുടക്കിയത്. ഒട്ടേറെ ഹിറ്റുകള്‍ പൃഥ്വി നിര്‍മിച്ചു കഴിഞ്ഞു.
പുണ്യാളന്‍ അഗര്‍ബത്തീസിലൂടെയാണ് ജയസൂര്യ നിര്‍മാതാവാകുന്നത്. രഞ്ജിത് ശങ്കര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്യുകയും ജയസൂര്യക്കൊപ്പം പണം മുടക്കുകയും ചെയ്തത്. ഫഹദ് ഫാസിലും അടുത്തിടെ നിര്‍മാണ കമ്പനിആരംഭിച്ചിട്ടുണ്ട്. അമല്‍ നീരദിനൊപ്പം ആയിരുന്നു നിര്‍മാണം.
മലയാളത്തില്‍ തൊട്ടതെല്ലാം ഹിറ്റാക്കുന്ന നായകനായതോടെ പ്രധാന നിര്‍മാണ കമ്പനികളെല്ലാം നിവിന്റെ പിന്നാലെയാണ്. ആസമയത്താണു നിവിന്‍ സ്വന്തമായി നിര്‍മാണം തുടങ്ങുന്നത്.


Click it and Unblock the Notifications











