നിവിന്‍ പോളിയുടെ കഥ, ജൂഡ് സിനിമയാക്കുന്നു
നിവിന്‍ പോളിയെയും നസ്‌റിയ നസീമിനെയും താരജോഡികളാക്കി 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്തേക്കെത്തിയ ജൂഡ് ആന്റണി ജോസഫ് അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു. ആദ്യ ചിത്രത്തിന് കഥയെഴുതിയ മിഥുന്‍ മാനുവലാണ്. മിഥുനിപ്പോള്‍ ജയസൂര്യയെ നായകനാക്കി 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്.
അപ്പോള്‍ ആരാണ് ജൂഡിന്റെ അടുത്ത ചിത്രത്തിന്റെ കഥാകാരന്‍ എന്നാവും. മറ്റാരുമല്ല, നമ്മുടെ പോളിച്ചന്‍. നിവിന്‍ പോളി എഴുതിയ കഥയാണ് ജൂഡ് ആന്റണി ജോസഫിന്റെ അടുത്ത ചിത്രം. ജൂഡ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതും.

നിവിന്‍ മൂന്ന് വര്‍ഷം മുമ്പാണ് ഈ കഥ തന്നോട് പറയുന്നത്. നായകനോ നായികയോ ഇല്ല. കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. കഥ ഒരുപാട് ഇഷ്ടപ്പെട്ടെങ്കിലും അന്ന് ആ കഥ ഒരു സിനിമയാക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഓം ശാന്തി ഓശാനയ്ക്ക് ശേഷം ഒത്തിരി കഥകള്‍ കേട്ടു. ഒന്നും ഇഷ്ടപ്പെട്ടില്ല. അങ്ങനെ നിവിനിനെ വിളിക്കുകയും അന്ന് പറഞ്ഞ കഥ സിനിമയാക്കാം എന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ജൂഡ് ആന്റണി പറഞ്ഞു.
മറ്റൊരു കാര്യമെന്താണെന്ന് ചോദിച്ചാല്‍, അഭിനയവും കഥ എഴുത്തും മാത്രമല്ല, നിവിന്‍ പോളി ഇപ്പോള്‍ ഒരു നിര്‍മാതാവ് കൂടെയാണ്. 1983 എന്ന ചിത്രം ചെയ്ത എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം നിര്‍മിക്കുന്നത് നിവിനാണ്. ഇങ്ങനെ പോയാല്‍ വൈകാതെ നിവിന്‍ പോളി ഒരു സിനിമ സംവിധാനം ചെയ്താലും അത്ഭുതപ്പെടാനില്ല.


Click it and Unblock the Notifications











