നല്ല സിനിമയുടെ വിജയവുമായി ഞാന്‍ പ്രകാശന്‍! ഫഹദ് ഫാസിലിന്റെ മാജിക്കിലൂടെ ചിത്രം 50 കോടി ക്ലബിലേക്ക്!
16 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒരുമിച്ചെത്തിയത്. മലയാളികള്‍ എന്നും നെഞ്ചേറ്റിയ കൂട്ടുകെട്ട് ഇത്തവണ ഒരുമിച്ചപ്പോള്‍ മോഹന്‍ലാലല്ല പകരം ഫഹദ് ഫാസിലായിരുന്നു നായകനായെത്തിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് ഈ താരം. ഒരുകാലത്ത് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് കല്ലെറിഞ്ഞ അതേ പ്രേക്ഷകരാണ് ഇന്ന് ഫഹദിന്റെ മാസ്സിന് കൈയ്യടിക്കുന്നത്. പ്രകാശനെന്ന കഥാപാത്രമായി താരപുത്രന്‍ ജീവിക്കുകയായിരുന്നുവെന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. അനായാസമായാണ് ഫഹദിന്റെ മുഖത്ത് ഭാവം വരുന്നതെന്നും നോക്കിനിന്നുപോവും അദ്ദേഹത്തിന്‍രെ അഭിനയവുമെന്നായിരുന്നു നായികമാരിലൊരാളായ നിഖില വിമല്‍ പറഞ്ഞത്.
കുടുബം പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ഇത്തവണത്തെ വരവ് വെറുതെയായില്ലെന്നാണ് ആരാധകരും പറഞ്ഞത്. ബോക്‌സോഫീസില്‍ നിന്നും തുടക്കം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കലക്ഷനിലും അത് പ്രകടമായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയാണ് സിനിമയുടെ മറ്റൊരു മുഖ്യ ആകര്‍ഷണ ഘടകം. ക്രിസ്മസ് റിലീസുകളില്‍ നേട്ടം കൊയ്തത് ഞാന്‍ പ്രകാശനാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമ 50 കോടി ക്ലബില്‍ ഇടം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

50 കോടി ക്ലബില്‍
ക്രിസ്മസിന് മുന്നോടിയായാണ് ഞാന്‍ പ്രകാശന്‍ തിയേറ്ററുകളിലേക്കെത്തിയത്. സ്വഭാവികത നിറഞ്ഞ കുടുംബ ചിത്രവുമായാണ് ഇത്തവണ ഫഹദ് ഫാസിലെത്തിയത്. വരത്തനില്‍ നിന്നും ഞാന്‍ പ്രകാശനിലേക്കുള്ള താരത്തിന്റെ മാറ്റം അമ്പരപ്പെടുത്തുന്നതാണ്. അഭിനേതാവെന്ന നിലയില്‍ ഏത് തരത്തിലുള്ള കഥാപാത്രത്തിനും ജീവന്‍ പകരാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചാണ് ഈ താരം മുന്നേറുന്നത്. വേള്‍ഡ് വൈഡ് കലക്ഷനിലൂടെ സിനിമ 50 കോടി ക്ലബില്‍ ഇടം നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫുള്‍മൂണ്‍ ഫിലിംസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് സിനിമ നിര്‍മ്മിച്ചത്.

ഒടിയന് മുന്നില്‍ പതറാതെ
മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ റിലീസ് ചെയ്തതിന് പിന്നാലെയായാണ് ഞാന്‍ പ്രകാശനുമെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമകളായിരുന്നു രണ്ടും. ഒടിയന്‍ റിലീസ് ചെയ്തതിന് പിന്നാലെ വന്‍വിവാദങ്ങളും അരങ്ങേറിയിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു കാര്യവും സിനിമയിലില്ലെന്നായിരുന്നു വിമര്‍ശനം. ഇതൊരു കൊച്ചുസിനിമയാണെന്നും അമാനുഷികമായതൊന്നും ഇതിലില്ലെന്നുമുള്ള മോഹന്‍ലാലിന്റെ കമന്റ് കേള്‍ക്കാതെ പോയതാണ് തിരിച്ചടിയായതെന്നുമായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ഒടിയന് മുന്നില്‍ പതറാതെയാണ് ഞാന്‍ പ്രകാശന്‍ കുതിച്ചത്.

സത്യന്‍-ശ്രീനി കൂട്ടുകെട്ട്
മലയാളത്തിന്റെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് സത്യന്‍ ശ്രീനി. ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ ബോക്‌സോഫീസും ഇവര്‍ക്കൊപ്പമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇവരുടെ കൂടിച്ചേരലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നായകനായി മോഹന്‍ലാല്‍ എത്തുമെന്നായിരുന്നു തുടക്കത്തില്‍ പലരും കരുതിയത്. എന്നാല്‍ ഫഹദ് ഫാസിലിനൊപ്പമാണ് ഇത്തവണ തങ്ങള്‍ വരുന്നതെന്ന് സത്യന്‍ അന്തിക്കാട് തന്നെ വ്യക്തമാക്കിയതോടെയാണ് ആശയക്കുഴപ്പം മാറിയത്. ശ്രീനിവാസന്റെ തിരക്കഥയാണ് ആകര്‍ഷണ ഘടകങ്ങളിലൊന്ന്.

ഫഹദിന്റെ അഭിനയം
സ്വഭാവികത കലര്‍ന്ന അഭിനയവുമായാണ് ഫഹദ് ഇത്തവണയും എത്തിയത്. നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന പ്രകാശനെ ഫഹദ് തന്നിലേക്ക് ആവാഹിക്കുകയായിരുന്നു. പി ആര്‍ ആകാശെന്ന് പേര് മാറ്റുന്നതും എളുപ്പത്തില്‍ കാശുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ശ്രമങ്ങളുമൊക്കെ രസകരമായിരുന്നുവെന്നും തമാശയ്ക്കപ്പുറത്ത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സിനിമയാണിതെന്നുമൊക്കെയായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.

വിമര്‍ശനങ്ങള്‍ മോഹന്‍ലാലിനെതിരെയോ?
സിനിമയിലെ വിമര്‍ശനങ്ങളില്‍ പലതും മോഹന്‍ലാലിനെ മുന്‍നിര്‍ത്തിയായിരുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. താരത്തിന്റെ പരസ്യ വാചകത്തെച്ചൊല്ലിയുള്ള വിമര്‍ശനം കണ്ടതോടെയാണ് പലരും ഇതിന് മോഹന്‍ലാലിന് എതിരായിത്തന്നെയാണെന്നുറപ്പിച്ചത്. എന്നാല്‍ മോഹന്‍ലാലിനെതിരായി ഒന്നും ഇതിലില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്.

ഫഹദായിരുന്നു അനുയോജ്യന്‍
മോഹന്‍ലാലിനെ നായകനാക്കാത്തതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു മറ്റ് ചിലരുടെ സംശയം. എന്നാല്‍ അദ്ദേഹത്തിന് പറ്റിയ കഥയായിരുന്നില്ല ഇതെന്നും അനുയോജ്യനായ താരം ഫഹദായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം സത്യനും ശ്രീനിയും എത്തി, ഇനി എന്നാണ് മോഹന്‍ലാലിനൊപ്പമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.


Click it and Unblock the Notifications