»   » ഇത്തവണ ഓണത്തിനിടയ്ക്ക പുട്ടുകച്ചവടമില്ല

ഇത്തവണ ഓണത്തിനിടയ്ക്ക പുട്ടുകച്ചവടമില്ല

Posted By:
Subscribe to Filmibeat Malayalam
No paradoy casatte for this Onam
രണ്ടു പതിറ്റാണ്ടുകാലമായി മലയാളിയെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടവും ദേ മാവേലിക്കൊമ്പത്തും ഇത്തവണയില്ല. ഹാസ്യപ്രേമികള്‍ നിറമനസ്സോടെ സ്വീകരിച്ചിരുന്ന കാസറ്റുകള്‍ വ്യാജന്മാരുടെ മുമ്പില്‍ മുട്ടുമടക്കിയാണ് കളം വിടുന്നത്.

ഭീമമായ സാമ്പത്തികനഷ്ടമാണ് മിമിക്രി താരം നാദിര്‍ഷ പുറത്തിറക്കിയിരുന്ന 'ദേ മാവേലി കൊമ്പത്തിനെ' പാതാളത്തിലാക്കിയത്. സിനിമാ താരങ്ങളെ ഉപയോഗിച്ച് 18-20 ലക്ഷംവരെ മുടക്കി സിഡി ഇറക്കിയാലും ജനങ്ങള്‍ക്ക് യൂട്യൂബില്‍ കാണാനാണ് താല്‍പ്പര്യമെന്ന് നാദിര്‍ഷ പറഞ്ഞു.

മുടക്കുമുതലിന്റെ പകുതി പോലും തിരിച്ചുകിട്ടാറില്ല. ചാനലുകാരും കാര്യമായ പ്രതിഫലം നല്‍കുന്നില്ല. ദിലീപും സലീംകുമാറുംപോലുള്ള നടന്‍മാര്‍ താനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് പരിപാടിയില്‍ സഹകരിച്ചിരുന്നത്. വ്യാജന്‍മാരും പെരുകിയതുകൊണ്ടാണ് ഇത്തവണ സിഡി ഇറക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് നാദിര്‍ഷ വ്യക്തമാക്കി. 'തേന്മാവിന്‍ കൊമ്പത്ത്'എന്ന സിനിമ ഇറങ്ങിയതിനു പിന്നാലെയാണ് ആ പേരിന്റെ പാരഡിയില്‍ മാവേലി കൊമ്പത്ത് തയ്യാറാക്കിയത്.
ഇന്നസെന്റിന്റെ ശബ്ദവും ആകാരവും ചലനങ്ങളും അനുകരിച്ച മാവേലി കൊമ്പത്ത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വന്‍ ഹിറ്റായി.

വ്യാജന്മാരുടെ ശല്യവും നിര്‍മാണച്ചെലവ് വര്‍ധിച്ചതുമാണ് നവോദയ ഓഡിയോസ് 21 വര്‍ഷമായി മുടങ്ങാതെ പുറത്തിറക്കുന്ന 'ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം' ഇക്കുറി അവസാനിപ്പിച്ചതെന്ന് ഉടമ ജെ സൈമണ്‍ വിശദീകരിയ്ക്കുന്നു.

13 ലക്ഷത്തോളം രൂപയാണ് സിഡി ഇറക്കാന്‍ ചെലവ്. നൂലാമാലകള്‍ വേറെ. കാസറ്റ് ഇറക്കുന്നതിനുള്ള തയ്യാറെടുപ്പകള്‍ രണ്ടുമൂന്നു മാസം മുമ്പ് തുടങ്ങണം. സ്‌ക്രിപ്റ്റ് തയ്യാറാക്കലും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിവാങ്ങലും സിഡി പഞ്ചിങ്ങുമെല്ലാം ഇതില്‍പ്പെടും. ഓണത്തിന് ഏഴുദിവസം മുമ്പാണ് സിഡി വിപണിയില്‍ എത്തിക്കാന്‍ സാധിക്കുക. എ്ന്നാലിതെ മെനക്കെട്ട് ഇറക്കിയാല്‍പ്പോലും മുടക്കിയതിന്റെ പകുതിപോലും തിരിച്ചുകിട്ടില്ല.

അതേസമയം ഓണപ്പാട്ടുകളുടെ ബിസിനസ്സിന് ഇപ്പോഴും കാര്യമായ ഇടിവുതട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യേശുദാസ് ആലപിച്ച പഴയഗാനങ്ങള്‍ക്കാണ് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയുള്ളത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam