കമൽ ഹാസൻ മാപ്പപേക്ഷിക്കാതെ തഗ് ലൈഫിനെ കുറിച്ച് ചർച്ചയില്ല; ഉറച്ച തീരുമാനവുമായി കെ.എഫ്.സി.സി
കമൽ ഹാസൻ നടത്തിയ കന്നഡ ഭാഷയെ കുറിച്ചുള്ള വിവാദ പ്രസ്താവന വലിയ കോളിളക്കമാണ് കർണാടകയിൽ സൃഷ്ടിച്ചത്. തഗ് ലൈഫ് എന്ന മണി രത്നം സംവിധാനം ചെയ്യുന്ന നടന്റെ പുതിയ ചിത്രത്തിന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് (കെ.എഫ്.സി.സി) സംസ്ഥാനത്ത് പ്രദർശനാനുമതി നിഷേധിക്കുന്നത് വരെ കാര്യങ്ങൾ എത്തി നിൽക്കുകയാണ്. എന്നാൽ താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും, മാപ്പ് പറയുന്ന പ്രശ്നമില്ലെന്നുമാണ് കമൽ ഹാസന്റെ നിലപാട്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കെ.എഫ്.സി.സി ഇപ്പോൾ.
കമൽ ഹാസൻ മാപ്പ് പറയാതെ ചർച്ചയില്ല
അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, തഗ് ലൈഫ് നായകനും സഹ നിർമാതാവുമായ കമൽ ഹാസൻ മാപ്പ് പറയാതെ സന്ധി ചെയ്യാനില്ലെന്ന ഉറച്ച തീരുമാനം അറിയിച്ചിരിക്കുകയാണ് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്. ഉലകനായകൻ മാപ്പ് പറയാതെ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ഒരു ചർച്ചയ്ക്കും കെ.എഫ്.സി.സി തയ്യാറല്ല എന്നും, ചെയർമാനായ എം നരസിംഹലു വ്യക്തമാക്കി.

മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകളുടെ ആവർത്തനം മാത്രമായിരുന്നു നടന്റെ കത്ത് എന്നും അതിൽ പുതുതായി ഒന്നുമില്ലെന്നും കെഎഫ്‌സിസി ചെയർമാൻ പറഞ്ഞു. "അദ്ദേഹം മുമ്പ് പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങൾക്ക് ക്ഷമാപണം വേണം. ക്ഷമാപണം നടത്തിയതിന് ശേഷം മാത്രമേ ഞങ്ങൾ കൂടുതൽ ചർച്ചകൾ നടത്തുകയുള്ളൂ," അദ്ദേഹം പറഞ്ഞു. കർണാടക ഫിലിം ചേംബറിന്റെ ഈ തീരുമാനത്തോട് കൂടി, തഗ് ലൈഫ് ഈ ആഴ്ച എന്തായാലും കർണാടകയിൽ റിലീസ് ചെയ്യാൻ സാധ്യതയില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.

എന്നാൽ, നിയമത്തിന് എതിരായി ഫിലിം ചേംബർ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും എം. നരസിംഹലു വെളിപ്പെടുത്തി. "കോടതി ഉത്തരവ് ഉണ്ടെങ്കിൽ അത് കെ.എഫ്.സി.സി പാലിക്കും. ഞങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സിനിമ തഗ് ലൈഫ് ഞങ്ങൾ ബഹിഷ്‌കരിക്കുന്നില്ല. പക്ഷെ, അദ്ദേഹം ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. തിയേറ്റർ ഉടമകൾ കമൽ ഹാസന്റെ സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ല," അദ്ദേഹം പറഞ്ഞു. കമൽ ഹാസൻ തഗ് ലൈഫ് റിലീസ് ചെയ്യാൻ സഹായം ആവശ്യപ്പെട്ട് കർണാടക ഹൈ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇനി വാദം നടക്കുക ജൂൺ 10നാണ്.
കമൽ ഹാസന്റെ പത്രക്കുറിപ്പും, കോടതി വിധിയും
തഗ് ലൈഫ് സിനിമയുടെ കർണാടക റിലീസിന് അനുമതി തേടിയ കമൽ ഹാസന്റെ ഹർജിക്ക് ഹൈക്കോടതിയിൽ നിന്ന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ഒരു മാപ്പ് പറഞ്ഞാൽ എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയമായിരുന്നുവെങ്കിലും, നടന്റെ അടിയുറച്ച നിലപാടാണ് പ്രശ്നം ഇത്രയും വലിയ വിവാദമായി മാറാൻ കാരണമായതെന്ന് കോടതി അഭിപ്രായപ്പെട്ടു. "നിങ്ങൾ ഒരു ചരിത്രകാരനാണോ? അതോ ഭാഷാപണ്ഡിതനാണോ? ക്ഷമ ചോദിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ എന്തിനാണ് ഈ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നത്?" കോടതി ചോദിച്ചു.
പിന്നീട്, കന്നഡയെക്കുറിച്ചുള്ള തന്റെ പ്രസ്താവനകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് കമൽഹാസൻ കെഎഫ്‌സിസിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. തന്റെ വാക്കുകൾ ശരിയായ മനോഭാവത്തോടെ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോഴും, താൻ നടത്തിയത്, കർണാടകയോടും കന്നഡ ഭാഷയോടുമുള്ള സ്നേഹം കൊണ്ട് നടത്തിയ നിർദോഷമായ ഒരു പ്രസ്താവന മാത്രമാണെന്ന് തന്നെയാണ് തഗ് ലൈഫ് നായകന്റെ നിലപാട്. സംവിധായകൻ മണി രത്‌നവും, മറ്റു ടീം അംഗങ്ങളും ഇത് വരെ ഈ വിവാദത്തിൽ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications