For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോമഡി കഥാപാത്രങ്ങൾ ചെയ്യാത്തതാണ് തന്റെ വിജയമെന്ന് ബാബു ആന്റണി

  |

  മലയാള സിനിമയിൽ സംഘട്ടന രംഗങ്ങൾക്ക് പുതിയൊരു മാനം നൽകിയ താരമാണ് ബാബു ആന്റണി. സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആന്റണി ആയോധന കലയായ കരാട്ടെയിൽ ഫിഫ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്.

  1986-ൽ ഭരതൻ സംവിധാനം ചെയ്ത 'ചിലമ്പ്' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. തുടർന്ന് മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചന്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ചു.

  Babu Antony

  വില്ലന്‍ വേഷങ്ങളില്‍ നിന്നൊഴിഞ്ഞ് നായകനായി താരം അഭിനയിക്കുന്നത് 1994ലാണ്. നെപ്പോളിയന്‍, ഭരണകൂടം, കടല്‍, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് ബാബു ആന്റണി നായകനായി വേഷമിട്ടത്.

  1995ൽ പുറത്തിറങ്ങിയ 'ചന്ത' എന്ന സിനിമയാണ് ബാബു ആന്‍റണിയുടെ വില്ലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തിൽ നിർണായക പങ്കുവഹിച്ചത്. കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ സംവിധായകൻ സുനിൽ ആണ്. റോബിന്‍ തിരുമലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക.

  ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബാബു ആന്‍റണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഭാഗം ഒരുക്കിയ സംവിധായകന്‍ സുനില്‍ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക.

  ഈ അവസരത്തിൽ തന്റെ കരിയറിനെ കുറിച്ചും സിനിമയില്‍ വന്ന സമയത്തെ കുറിച്ചുമെല്ലാം താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖം ശ്രദ്ധേയമാവുകയാണ്.

  Babu Antony

  പഠിക്കുന്ന കാലത്ത് തന്നെ തനിക്ക് ആരാധകർ ഒരുപാട് ഉണ്ടായിരുന്നു എന്ന് ബാബു ആന്റണി പറയുന്നു. 'പൂനെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ അത്യാവശ്യം ഫീമെയില്‍ ഫാന്‍ ഫോളോയിങ് ഉണ്ടായിരുന്നു. പോള്‍ വാള്‍ട്ടൊക്കെ ചാടുമ്പോള്‍ മുടി ഇങ്ങനെ പാറുന്നതും ബോളുമായിട്ട് ഓടുന്നതൊക്കെ കണ്ട് അന്നേ ആരാധകരുണ്ടായിരുന്നു.

  സിനിമയിലേക്കെത്തിയപ്പോള്‍ വില്ലനായി, അന്നും ഒരുപാട് പ്രേമലേഖനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ഞാന്‍ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ഡോര്‍ തുറക്കാന്‍ പറ്റാത്തവിധത്തില്‍ പ്രേമലേഖനങ്ങള്‍ വന്നിട്ടുണ്ട്. കൂമ്പാരമായിട്ട് കത്തുകള്‍ വന്നിട്ടുണ്ട്, അത് സ്ത്രീകളുടേത് മാത്രമല്ലായിരുന്നു,' താരം പറയുന്നു.

  ആരോഗ്യം നല്ലതുപോലെ നിലനിര്‍ത്തുന്നതിന്റെ കാരണമെന്താണെന്ന അവതാരകന്റെ ചോദ്യത്തിന് താൻ ഭക്ഷണം ശ്രദ്ധിക്കാറുണ്ടെന്നും അത് മാത്രമാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ബാബു ആന്റണി പറയുന്നത്.

  'നല്ല ഭക്ഷണം തന്നെയാണ് അതിന്റെ കാരണം. പിന്നെ നന്നായി വ്യായാമം ചെയ്യും. എല്ലാ സാധനങ്ങളും ഞാന്‍ കഴിക്കും, അങ്ങനെ ഇതുമാത്രമേ കഴിക്കുവെന്നൊന്നുമില്ല. കിട്ടിയാല്‍ ഇവിടെയുള്ള പാറയും കഴിക്കും. പക്ഷെ കഴിക്കുന്നത് മിതമായിട്ടെ ഉള്ളു,'

  Babu antony

  തനിക്ക് പൂവ് പോലുള്ള ഹൃദയമാണോയെന്ന് അറിയില്ലെന്നും താൻ നല്ല റൊമാന്റിക് ആണെന്നുമാണ് താരം പറയുന്നത്.

  'എനിക്ക് പൂവ് പോലുള്ള ഹൃദയമാണോയെന്ന് അറിയില്ല, പക്ഷെ ഭയങ്കര റൊമാന്റിക്കാണ്. വളരെ റൊമാന്റിക്കാണ് ഞാന്‍. പിന്നെ സിനിമയില്‍ കാണുന്ന ഒന്നുമല്ല ഞാന്‍, വളരെ സരസനാണ്.

  എന്റെ അച്ഛന്‍ ഭയങ്കര തമാശക്കാരനായിരുന്നു, പുള്ളി അമേരിക്കയ്ക്ക് പോകുമ്പോള്‍ പാന്റ് എങ്ങനെയാണ് ഇടാറുള്ളതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. വേറെ ഒരാളെകൊണ്ട് പാന്റ് പിടിപ്പിച്ചിട്ട് ഞാന്‍ കട്ടിലിന്റെ മോളീന്ന് അതിലേക്ക് ചാടാറാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇങ്ങനെയൊക്കെയുള്ള ഒരു കോമഡി കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്,' ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.

  കോമഡി വേഷങ്ങൾ ചെയ്യാൻ താരം നിൽക്കാത്തത് തന്റെ വലിയൊരു വിജയമാണെന്ന് ബാബു ആന്റണി പറയുന്നു. അങ്ങനെ പറയാനുള്ള കാരണവും താരം വ്യക്തമാക്കി. 'എന്റെ ഏറ്റവും വലിയ വിജയം ഞാന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിന്നില്ല എന്നതാണ്.

  സ്‌ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ കോമഡി ചെയ്യാന്‍ തയ്യാറാണ്, കോമഡിക്കായി ഒരു റോള്‍ ചെയ്യുക, അല്ലെങ്കില്‍ എന്റെ റേഞ്ച് തെളിയിക്കാന്‍ വേണ്ടി കോമഡി ചെയ്യുക, ഈ പരിപാടി എനിക്കിഷ്ടമല്ല. ഞാന്‍ അഭിനയിക്കുന്നത് എന്റെ റേഞ്ച് കാണിക്കാന്‍ വേണ്ടിയല്ല. ജനങ്ങളെ എന്റര്‍ടെയിന്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത്,'.

  ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറാണ് ബാബു ആന്‍റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്.

  Recommended Video

  പവർ സ്റ്റാറിന്റെ ലോഞ്ചിൽ ആടിതിമിർക്കുന്ന ഒമർ ലുലുവും ടീമും

  ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ ചിത്രത്തിന്റെ പ്രഖ്യാപനസമയം മുതലേ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് പവര്‍സ്റ്റാർ. പത്തു വർഷങ്ങൾക്ക് ശേഷമാണ് ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. ഒമർ ലുലുവിന്റെ ഈ മുഴുനീള ആക്ഷന്‍ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.

  Read more about: babu antony
  English summary
  Not doing comedy characters is the reason behind my success says, Babu Antony. He also speaks about his new projects and his return to Malayalam cinema as a hero.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X