നോവല്‍ പുതിയൊരു അധ്യായം തുറക്കുമോ?
പരാജയങ്ങളുടെ തുടര്‍ക്കഥയിലൂടെയാണ് ജയറാമിന്റെ കരിയര്‍ മുന്നോട്ടുപോവുന്നത്. തിരിച്ചുവരവിന് കളമൊരുക്കുമെന്ന് കരുതി പുറത്തിറക്കുന്ന ഓരോ ചിത്രവും കരിയറിലെ പതനത്തിന്റെ ആഴം കൂട്ടുന്ന പരാജയങ്ങളായി മാറുന്നതാണ് ജയറാമിന്റെ പ്രതിസന്ധി.
ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാനും മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനം നിലനിര്‍ത്താനും ജയറാമിന് ഒരു വിജയം അനിവാര്യമാണ്. പക്ഷേ ആ തിരിച്ചുവരവ് ഏത് ചിത്രത്തിലൂടെ, ഏത് സംവിധായകനിലൂടെയെന്നാണ് ജയറാം ഉറ്റുനോക്കുന്നത്.
വി.എം.വിനുവിന്റെ സൂര്യനു ശേഷം ഇനി പുറത്തിറങ്ങുന്ന ജയറാം ചിത്രം നോവലാണ്. ഗാനരചയിതാവും സ്റ്റേജ് ഷോകളുടെ സംഘാടകനുമായ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഡിസംബറില്‍ നോവല്‍ തിയേറ്ററുകളിലെത്തും. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി റിലീസിംഗിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. മലേഷ്യയില്‍ ചിത്രീകരിച്ച ഗാനങ്ങളുമായി സാമാന്യം ഉയര്‍ന്ന ബജറ്റില്‍ തന്നെയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
സദയാണ് ഈ ചിത്രത്തിലെ നായിക. ബിസിനസുകാരനും എഴുത്തുകാരനുമായ ഒരു പ്രശസ്തവ്യക്തിയായാണ് ജയറാം നോവലില്‍ വേഷമിടുന്നത്. പരാജയത്തിന്റെ തുടര്‍ക്കഥയ്ക്ക് അവസാനം കുറിച്ച് നോവല്‍ ജയറാമിന്റെ കരിയറില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിടുമോ?


Click it and Unblock the Notifications