»   » മയക്കുമരുന്ന് കേസില്‍ എന്നെ അറസ്റ്റ് ചെയ്തതിട്ടുണ്ട്, പക്ഷെ ദുബായി പൊലീസല്ല;അശോകന്‍ വ്യക്തമാക്കുന്നു

മയക്കുമരുന്ന് കേസില്‍ എന്നെ അറസ്റ്റ് ചെയ്തതിട്ടുണ്ട്, പക്ഷെ ദുബായി പൊലീസല്ല;അശോകന്‍ വ്യക്തമാക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

നടന്‍ അശോകനെ മയക്കുമരുന്ന് കേസില്‍ ദുബായി പോലീസ് അറസ്റ്റ് ചെയ്തു എന്നും ഇപ്പോള്‍ നടന്‍ ജയിലിലാണ് എന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിനെതിരെ അശോകന്‍. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നും എന്നാല്‍ അത് ഇപ്പോള്‍ അല്ല എന്നും നടന്‍ വ്യക്തമാക്കി.

ഞാന്‍ സിനിമ നടനായപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു, നാണം മാറ്റാന്‍ ചെയ്തത്

സോഷ്യല്‍ മീഡിയിയില്‍ 'മയക്ക് മരുന്ന് കേസില്‍ നടന്‍ അശോകന്‍ ദുബായി ജയിലിലില്‍' എന്ന തലക്കെട്ടോടെ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ അശോകന്റെ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നു. എല്ലാവരോടും മറുപടി പറഞ്ഞ് താന്‍ മടുത്തു എന്നാണ് അശോകന്‍ പറയുന്നത്.

ഞാനിപ്പോള്‍ ലൊക്കേഷനിലാണ്

വാര്‍ത്തയുടെ തലക്കെട്ട് കണ്ട്, ഞാനിപ്പോള്‍ ദുബായിലെ ജയിലിലാണെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ അത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും താനിപ്പോള്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണെന്നും അശോകന്‍ വ്യക്തമാക്കി.

അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്

അതേ സമയം അങ്ങനെ ഒരു സംഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അശോകന്‍ പറയുന്നു. പക്ഷെ ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത് പോലെ എന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ജയിലില്‍ അടയ്ക്കുകയായിരുന്നില്ല. സംഭവം നടന്നത് ദുബായിലുമല്ല. ഖത്തറിലാണ്- അശോകന്‍ പറയുന്നു

പ്രണാമം റിലീസായ സമയത്ത് സംഭവിച്ചത്

ഭരതന്‍ സംവിധാനം ചെയ്ത പ്രണാമം എന്ന സിനിമ തീയേറ്ററുകളില്‍ എത്തിയ സമയം. ആ സിനിമയും അതിലെ എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എനിക്ക് കരിയറില്‍ നേട്ടമുണ്ടാക്കിയ ഒരു ചിത്രമാണത്. മയക്കുമരുന്നിന് അടിമയായ ഒരു കഥാപാത്രമായിരുന്നു അത്.

ചോദ്യം ചെയ്യാന്‍ കൊണ്ടുപോയി

ആ സിനിമ തീയേറ്ററുകളില്‍ എത്തിയതിന് പിന്നാലെയാണ് ഞാന്‍ ഖത്തറിലേക്ക് ഒരു സ്വകാര്യ ആവശ്യത്തിനായി പോയത്. ഹോട്ടലിലായിരുന്നു താമസം. റൂമെടുത്ത് ഏറെ വൈകാതെ പൊലീസ് അവിടെയെത്തി. ചോദ്യം ചെയ്യാനായി എന്നെ കൊണ്ടുപോയി.

മലയാളി പറ്റിച്ച പണി

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നെത്തിയ ഒരാളാണിതെന്ന് അവര്‍ക്ക് പരാതി ലഭിച്ചിരുന്നു. ചില ചിത്രങ്ങള്‍ സഹിതം. 'പ്രണാമ'ത്തില്‍ ഞാന്‍ മയക്കുമരുന്ന് കുത്തിവെക്കുന്ന രംഗത്തിന്റെ ചിത്രങ്ങളൊക്കെയായി ആരോ പൊലീസിനെ സമീപിക്കുകയായിരുന്നു. മലയാളികളില്‍ ആരോ ഒപ്പിച്ച പണിയാണത്. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോഴേ അവിടുത്തെ പൊലീസ് എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

സ്‌പോണ്‍സര്‍ പറഞ്ഞു, വെറുതേ വിട്ടു

എന്റെ സ്‌പോണ്‍സര്‍ അധികൃതരോട് വളരെ ശക്തമായി എനിക്കുവേണ്ടി സംസാരിച്ചു. കേരളത്തിലെ ജനപ്രീതിയുള്ള നടനാണെന്ന് അദ്ദേഹം ഖത്തര്‍ പൊലീസിനോട് പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്റെ 'അനന്തര'വും ആ സമയത്താണ് വരുന്നത്. ചില പ്രധാന വിദേശ ഫെസ്റ്റിവലുകളിലേക്കൊക്കെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ചുള്ള വാര്‍ത്തകളും പത്രങ്ങളില്‍ വന്നിട്ടുണ്ട്. ആ വാര്‍ത്തകളും സിനിമകളുമൊക്കെ സ്‌പോണ്‍സര്‍ പൊലീസിന് കാട്ടിക്കൊടുത്തു. അപ്പോള്‍ അവര്‍ക്ക് മനസിലായി ഞാന്‍ കുഴപ്പക്കാരനല്ലെന്നും അവര്‍ക്ക് അബദ്ധം പറ്റിയതാണെന്നും.

ഇപ്പോള്‍ പ്രചരിയ്ക്കുന്നത്

പിന്നീടൊരിക്കല്‍ ഈ സംഭവം മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. മണിയന്‍പിള്ള രാജുവും ഈ സംഭവത്തെക്കുറിച്ച് മുന്‍പ് എഴുതിയിട്ടുണ്ട്. അതേ സംഭവമാണ് തെറ്റായ രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്- അശോകന്‍ പറഞ്ഞു

English summary
Now i am in location, not in jail; Asokan clarifying the fake news

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam