Odiyan: അതിരപ്പിള്ളിയില്‍ ആടിപ്പാടാന്‍ മോഹന്‍ലാലും മഞ്ജു വാര്യരും, ഒടിയനിലെ ഗാനചിത്രീകരണം തുടങ്ങി!
സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്നൊരു ചിത്രമാണ് ഒടിയന്‍. പ്രഖ്യാപനം മുല്‍ക്ക് തന്നെ ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഒടിവിദ്യയെക്കുറിച്ചുള്ള സിനിമയില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായി താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
ഗാനചിത്രീകരണത്തിനായി ഒടിയന്‍ സംഘം അതിരപ്പിള്ളിയിലെത്തിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കലാ മാസ്റ്ററിനൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പ്രകൃതി രമണീയമായ അതിരപ്പിള്ളിയില്‍ വെച്ച് ചിത്രീകരിച്ച ഒട്ടനവധി ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമാപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്ന് കൂടിയാണ് ഈ സ്ഥലം. മേക്കപ്പുമായി മാസ്റ്ററിനരികില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

മഞ്ജു വാര്യരുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ നരേന്‍ എത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, സന അല്‍ത്താഫ്, കൈലാഷ്, സിദ്ദിഖ് തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്‍രെ ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അവസാന ഘട്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അക്കാര്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുള്ളൂവെന്നാണ് സിനിമാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.


Click it and Unblock the Notifications