വിനീത് ശ്രീനിവാസനൊപ്പം വീണ്ടും ഒമര്‍ ലുലു; 'മനസ്സിന്റെ ഉള്ളിൽ' പ്രേക്ഷകരിലേക്ക്
കോവിഡും ലോക്ഡൗണും ഒക്കെയായി സിനിമാമേഖല ഉൾപ്പെടെ സ്തംഭിച്ചപ്പോൾ ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, അജയ്ദേവ്ഗൺ, ഇമ്രാൻ ഹഷ്മി ഉൾപ്പെടെ, മ്യൂസിക്കൽ ആൽബങ്ങളുടെ പിന്നാലെയാണ്. സാമ്പത്തിക ലാഭത്തേക്കാൾ ലൈവ് ആയി നിൽക്കുക, ജനപ്രീതിയും സോഷ്യൽ മീഡിയ ഫോളോവേഴ്സും വർദ്ധിക്കുക എന്ന ഉദേശ്യത്തിലാണ് സൂപ്പർ താരങ്ങൾ ഉൾപ്പെടെ ആൽബങ്ങളിലേയ്ക്ക് തിരിയുന്നത്. ഈ ആൽബങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര സംവിധായകനായ ഒമർ ലുലുവും ഇതേ പാതയാണ് പിന്തുടരുന്നത്. ഈ കോവിഡ് കാലത്ത് മാത്രം അദ്ദേഹം അഞ്ച് ആൽബങ്ങൾ ചെയ്തു.

യുവാക്കളെ ലക്ഷ്യം വച്ചുള്ള ഒമർ ലുലുവിന്റെ ആൽബങ്ങൾ എല്ലാം തന്നെ നിരവധി കാഴ്ചക്കാരുമായി മുന്നേറുകയാണ്. നിലവിലെ സാഹചര്യങ്ങൾക്കനുസൃതമായി ഈ ലോക്ഡൗൺ കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയിരിക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ് ഒമർ ലുലു. ജുബൈർ മുഹമ്മദിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ഒമർ ലുലുവിന്റെ പുതിയ ആൽബം 'മനസ്സിന്റെ ഉള്ളിൽ' നവാഗതനായ അബ്ഷർ ആഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മനോഹര ആൽബവും യൂത്ത് ഏറ്റെടുക്കുമെന്നുറപ്പാണ്.
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സ് ദമ്പതികളായ ഫാറൂഖ് ഖാൻ, ഹിബ ഫാറൂഖ് എന്നിവരാണ് പുതിയ ആൽബത്തിലെ അഭിനേതാക്കൾ. 'ഒമർ ലുലു എന്റർടൈൻമന്റ്സ്' എന്ന യുട്യൂബ് ചാനലിലൂടെയാണ് പുതിയ ആൽബം പുറത്തിറക്കിയത്. ടി.കെ. കുട്ടിയാലി ആണ് ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ്: മുസമ്മിൽ മൂസ, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി.വി, അസോസിയേറ്റ് ഡയറക്ടർസ്: റോമാരിയോ പോൾസൺ, പരീക്കുട്ടി പെരുമ്പാവൂർ, മാർക്കറ്റിംഗ് ഹെയിൻസ്.


Click it and Unblock the Notifications











