മമ്മൂട്ടിയെ നായകനാക്കി മാസ് എന്റര്‍ടെയ്‌നര്‍! സിനിമയെക്കുറിച്ച് ഒമര്‍ ലുലു
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ആദ്യ ചിത്രം സംവിധായകന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഹാപ്പി വെഡ്ഡിങ്ങിന് പിന്നാലെ ചങ്ക്‌സ്. അഡാറ് ലവ്, ധമാക്ക തുടങ്ങിയ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചുപിടിച്ച സിനിമകളായിരുന്നു.

ധമാക്കയാണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ധമാക്കയ്ക്ക് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ആലോചനയിലുണ്ടെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളിലൊരാളായ ഡെന്നീസ് ജോസഫാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലുളള ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണ് ആലോചിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
ഒരു പക്ക മാസ് ചിത്രമായിരിക്കും ഇതെന്നും ഒമര്‍ ലുലു അറിയിച്ചു. ഫേസ്ബുക്കിലുളള ചോദ്യങ്ങള്‍ക്കായിരുന്നു സംവിധായകന്റെ പ്രതികരണം. മമ്മൂക്കക്ക് വേണ്ടി പക്ക ഒരു മാസ് സിനിമ ഡെന്നീസ് ജോസഫ് സാറും ഞാനും കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ എന്നും ഈ തമാശ കളിച്ചു നടന്നാല്‍ ശരിയാവില്ല. ഇടയ്ക്ക് ഒരു മാസൊക്കെ വേണ്ടേ? യൂത്തിനെ മാത്രം ലക്ഷ്യം വെച്ചുളള കോമഡി സിനിമകളാണ് ഇത് വരെ ചെയ്തത്. അതുകൊണ്ടാണ് ഇനി മാസ് സിനിമ. മാസ് ചിത്രമാണെങ്കില്‍ ഡബിള്‍ മീനിംഗിന്റെ ആവശ്യമില്ല. പക്ക മാസ്സായിരിക്കും. ഒമര്‍ ലുലു പറഞ്ഞു.
മുന്‍പ് മമ്മൂട്ടിയെ നായകനായ ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍, സംഘം, നായര്‍സാബ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതിയത് ഡെന്നീസ് ജോസഫായിരുന്നു. കൂടാതെ അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങിയ സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുകയും ചെയ്തിരുന്നു ഡെന്നീസ് ജോസഫ്. 2013ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിക്ക് വേണ്ടിയാണ് അദ്ദേഹം ഒടുവില്‍ തിരക്കഥ ഒരുക്കിയത്.
അതേസമയം മലയാളത്തില്‍ വണ്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. എപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ കൊറോണ കാരണം മാറ്റിവെച്ചിരുന്നു. കൂടാതെ കൈനിറയെ ചിത്രങ്ങള്‍ സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications