For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കാതര മിഴികൾ തുറന്നിട്ട് അറുപത് വർഷങ്ങൾ; സിൽക്കിന്റെ ഇതിഹാസ ജീവിതത്തിലൂടെ

  |

  ഇന്ത്യൻ സിനിമയുടെ കാതര മിഴികൾ തുറന്നിട്ട് ഇന്നേക്ക് അറുപതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുകയാണ്. കണ്ണുകൊണ്ട് പോലും പ്രേക്ഷകരെ അത്രമേൽ ത്രസിപ്പിച്ച മറ്റൊരു പേര് ഇന്നും സിനിമക്ക് അന്യമാണ്. ശാരീരിക സൗന്ദര്യത്തിന് അപ്പുറം കണ്ണുകളുടെ വശ്യതയാണ് യഥാർഥത്തിൽ സിൽക്ക് സ്മിത. അത്രമേൽ പ്രേക്ഷകരെ സ്ക്രീനിലേക്ക് വലിച്ചിടാൻ പാകത്തിന് കാന്തികമായ ആകർഷണം ആ കണ്ണുകൾക്കുള്ളിൽ അവർ ഒളിച്ചു വച്ചിരുന്നു.

  സിൽക്കിന്റെ ഇതിഹാസ ജീവിതത്തിലൂടെ | FilmiBeat Malayalam

  ജീവിത വഴികളിൽ ഉടനീളം നിഗൂഢതകൾ കൊണ്ട് നടന്ന സിൽക്കിന്റെ വിയോഗവും അവിശ്വസനീയമാണ്. അത്രമാത്രം അസാധ്യമായ ജീവിത പ്രതിസന്ധികളെ അതിജീവിച്ചാണ് സിൽക്ക് വെള്ളിത്തിരയിൽ എത്തിയത്. സാരിത്തുമ്പിൽ ജീവനൊടുക്കി എന്ന വാർത്ത പ്രിയപ്പെട്ടവർക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ സാധിക്കാതെ നിൽക്കുന്നതും അതുകൊണ്ടാണ്.

  ഏലൂരുവിലെ കോവ്വലി എന്ന കൊച്ചു ഗ്രാമത്തിലാണ് വിജയലക്ഷ്മി ജനിച്ചത്. അവിടെനിന്നും ചെന്നൈയിലേക്ക് വന്നതും സിൽക്ക് സ്മിതയായി രൂപപ്പെട്ടതും കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ ആയിരുന്നു. രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ജനിച്ചുവീണത് പ്രതിസന്ധികളുടെ നടുവിലേക്കായിരുന്നു. ചോർന്നൊലിക്കുന്ന വീട്ടിൽ പട്ടിണിയും കൂടെപ്പിറപ്പായിരുന്നു. കടുത്ത സാമ്പത്തിക പരാതീനതകൾ കാരണം നാലാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു.

  ബന്ധുവിന്റെ കൂടെ ചെന്നൈലേക്ക് വണ്ടി കയറുമ്പോൾ സിനിമ സ്വപ്നങ്ങൾ പലതായിരുന്നു. 1979 ൽ തന്നെ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി. ആ സിനിമയിലെ കഥാപാത്രമായിരുന്നു "സിൽക്ക്". അവരുടെ ഉടലഴകും കണ്ണുകളുടെ വശ്യതയും അന്നുമുതൽ അക്ഷരാർത്ഥത്തിൽ സിനിമ വിറ്റു തുടങ്ങുകയായിരുന്നു.

  1980 ഓടു കൂടി ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന നടിയെന്ന ഗണത്തിൽ സിൽക്ക് ശ്രദ്ധേയയായി. കണ്ട സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ച് അവർക്കും ഒഴുക്കിനൊപ്പം ഒഴുകേണ്ടിവന്നു എന്നുവേണം മനസിലാക്കാൻ.

  തമിഴിലും, മലയാളത്തിലും ഹിന്ദിയിലുമടക്കം വിവിധ ഭാഷകളില്‍ സിൽക്ക് നിറഞ്ഞു നിന്നു. സിനിമാലോകം അവരുടെ സമയത്തിനായി ഊഴം കാത്തുനിന്ന കാലവും ഉണ്ടായിരുന്നു. ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വശ്യമായ ആ കണ്ണുകൾ തുറന്നത്. പിന്നീടങ്ങോട്ട് മലയാളിയെ കൊത്തിവലിച്ച നൂറുകണക്കിന് ചിത്രങ്ങൾ വന്നു. ഗ്ലാമർ വേഷങ്ങൾക്ക് അപ്പുറം ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളും മലയാളിക്ക് സമ്മാനിച്ചിരുന്നു. തുമ്പോളി കടപ്പുറം, നാടോടി, അഥര്‍വം, സ്ഫടികം, മുന്നാംപിറ എന്നീ സിനിമകളിൽ അസാധ്യ അഭിനയ മുഹൂർത്തങ്ങളാണ് അവർ കാഴ്ചവച്ചത്.

  ലയനം പോലുള്ള ചിത്രങ്ങളിലൂടെ വലിയ ഗ്ലാമർ വേഷങ്ങളിലും മലയാളത്തിൽ അവർ എത്തിയിരുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങളാണ് മലയാളത്തിലും സിൽക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ കാരണം. തുടർന്ന് ലൈംഗികതയ്ക്ക് അമിത പ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയുടെ എല്ലാ തലങ്ങളിലും അവർ മറ്റൊരു പേരില്ലാത്ത വിധം ഇന്നും അവശേഷിക്കുന്നു എന്നതുകൂടെയാണ് സിൽക്കിന്റെ പ്രസക്തി.

  വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ 450 ലധികം ചിത്രങ്ങളിലാണ് അവർ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയത്. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ജീവനൊടുക്കുമ്പോൾ ഇനിയും പറയാത്ത ഒട്ടേറെ രഹസ്യങ്ങൾ കാതര മിഴികളിൽ അവർ ബാക്കിയാക്കിയിരുന്നു.

  Read more about: silk smitha
  English summary
  On Silk Smitha's 60th Birth Anniversary, A Look Back At Her Unbelievable Journey In Cinemas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X