For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും എവിടെയെന്ന് സോഷ്യല്‍ മീഡിയ! ഓണം റിലീസ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍!

    |

    അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ പകച്ച് നില്‍ക്കുന്നവരെ സഹായിക്കുന്നതിനായി സിനിമാലോകവും അണിനിരന്നിരുന്നു. തങ്ങളാല്‍ക്കഴിയാവുന്ന സഹായവുമായാണ് താരങ്ങള്‍ എത്തിയത്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് നേരിട്ടെത്തിയവരും കലക്ഷന്‍ സെന്ററുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുമൊക്കെ താരങ്ങള്‍ സജീവമാണ്. താരപരിവേഷം മാറ്റിവെച്ച് സാധാരണക്കാരിലൊരാളായാണ് പലരും ഇടപഴകുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും ടൊവിനോ തോമസും പൂര്‍ണിമയും ഇന്ദ്രജിത്തുമൊക്കെ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.

    പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് റിലീസ് സിനിമകളും മാറ്റിവെച്ചുവെന്ന വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് ഈയാഴ്ച റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണെന്നും പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി നിര്‍മ്മാതാവ് എത്തിയിട്ടുണ്ട്. ഓണത്തിന് എത്തുമെന്നറിയിച്ച പല സിനിമകളുടെ റിലീസും നീട്ടാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

    പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രങ്ങളില്‍ പലതും ഓണത്തിന് എത്തുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരങ്ങള്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം യുവതാരനിരയും ഏറ്റുമുട്ടുമ്പോള്‍ ആരൊക്കെ നേടും എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. കൃത്യമായ റിലീസ് തീയതി പുറത്തുവന്നില്ലെങ്കിലും ആരാധകരെല്ലാം തങ്ങളുടെ പ്രിയ നടന്റെ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ ഓണച്ചിത്രങ്ങളുടെ റിലീസ് വൈകിയേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

    ആഘോഷമേതായാലും കുടുംബത്തോടൊപ്പം സിനിമയെന്നത് മലയാളികളുടെ ശീലമാണ്. ആഘോഷം പൂര്‍ത്തിയാവണമെങ്കില്‍ പുതിയ സിനിമ എന്നത് സിനിമാക്കാരും ഏറ്റെടുത്ത കാര്യമാണ്. ഓണം റിലീസ് ലക്ഷ്യമാക്കി നിരവധി സിനിമകളാണ് ഒരുങ്ങുന്നതും. എന്നാല്‍ അവ എന്നെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ചൈന, മമ്മൂട്ടിയുടെ ഗാനഗന്ധര്‍വന്‍, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ, നിവിന്‍ പോലിയുടെ ലവ് ആക്ഷന്‍ ഡ്രാമ, രജിഷ വിജയന്റെ ഫൈനല്‍സ് തുടങ്ങിയ സിനിമകള്‍ ഓണത്തിന് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു ലഭിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി മാറാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

    ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയുമായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാര്‍ഗംകളി വേഷത്തില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ചൈനീസ് വേഷത്തിലുള്ള പോസ്റ്റര്‍ എത്തിയത്. രാധിക ശരത് കുമാര്‍, ധര്‍മ്മജന്‍, അജു വര്‍ഗീസ്, ഹണി റോസ്, സലീം കുമാര്‍, പാഷാണം ഷാജി, അരിസ്റ്റോ സുരേഷ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. നവാഗതരായ ജിബിയും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

    അടി, ഇടി, ഡാന്‍സ് ഈ കോംപിനേഷനുകളെല്ലാം ചേര്‍ന്ന സിനിമയുമായെത്തുകയാണ് പൃഥ്വിരാജ്. ലൂസിഫറിന് ശേഷം താരം നായകനായെത്തുകയാണ് ബ്രദേഴ്‌സ് ഡേയിലൂടെ. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ ഇതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു. വിജയരാഘവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, തമിഴകത്തിന്റെ സ്വന്തം താരമായ പ്രസന്ന, ഐശ്വര്യ ലക്ഷ്മി, മിയ, മഡോണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കട്ടത്താടിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിക്ക് പിന്നാലെ ഷാജോണും സംവിധായകവേഷം അണിയുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

    അഭിനേതാവില്‍ നിന്നും സംവിധായകന്റെ കുപ്പായം അണിഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായി എത്തുന്നത്. അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ധ്യാന്‍ സ്വന്തം സിനിമയ്ക്കായി തിരഞ്ഞെടുത്തത്. തളത്തില്‍ ദിനേശനും ശോഭയുമായാണ് നിവിനും നയനും എത്തുന്നത്. പുതിയ നിമത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

    രജിഷ വിജയന്‍ നായികയായെത്തുന്ന ചിത്രമായ ഫൈനല്‍സും ഓണത്തിന് എത്തുമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റായാണ് താരമെത്തുന്നത്. നിരഞ്ജ്, സുരാജ് വെഞ്ഞാറമൂട്, സോന നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പി ആര്‍ അരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ രജിഷ വിജയന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. സൈക്ലിങ് പരിശീലനത്തിനിടയിലായിരുന്നു അപകടം.

    മമ്മൂട്ടിയില്ലാതെ എന്താഘോഷമെന്നാണ് പൊതുവിലുള്ള പറച്ചില്‍. അതിനാല്‍ത്തന്നെ ഇത്തവണത്തെ ഓണത്തിന് അദ്ദേഹത്തിന്റെ സിനിമയില്ലെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ ഓണത്തിന് എത്തിയേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി എത്തുന്നത്. ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, ടൊവിനോ തോമസ് തുടങ്ങിയവരുടെ റിലീസുകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.

    English summary
    Onam Release postponed?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X