തിരഞ്ഞെടുപ്പിനെ പേടിച്ച് വണ്‍ ബൈ ടു മാറ്റി
ഭൂരിഭാഗം മലയാളികളും നല്ല സിനിമാപ്രേമികളാണ്, പക്ഷേ രാഷ്ട്രീയമാണോ സിനിമയാണോ പ്രധാനം എന്നു ചോദിച്ചാല്‍ രാഷ്ട്രീയമെന്നായിരിക്കും പലരുടെയും ഉത്തരം, പ്രത്യേകിച്ചും ഈ ചോദ്യം ചോദിയ്ക്കുന്നത് തിരഞ്ഞെടുപ്പ് കാലത്താണെങ്കില്‍. അതേ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടിലാണ് കേരളം, അതുകൊണ്ടുതന്നെ പുത്തന്‍ സിനിമകള്‍ക്കൊന്നും വേണ്ടത്ര മികച്ച പ്രതികരണം ലഭിയ്ക്കുന്നില്ല.
അല്‍പം ബുദ്ധിയുള്ള സിനിമാക്കാരൊന്നും തിരഞ്ഞെടുപ്പ് കാലത്ത് പുത്തന്‍ ചിത്രങ്ങള്‍ റിലീസിനെത്തിക്കില്ല. ഇപ്പോഴിതാ ഇക്കാര്യം തിരിച്ചറിഞ്ഞ ചിലര്‍ പുതിയ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ മാറ്റിയിരിക്കുകയാണ്. ഇതിലൊരു ചിത്രം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന വണ്‍ ബൈ ടു എന്ന സൈക്കോളജിക്കല്‍ ത്രില്ലറാണ്. മാര്‍ച്ച് 21 നാണ് ഈ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാര്‍ച്ച് 28ലേയ്ക്ക് മാറ്റി. എന്നാല്‍ തിരഞ്ഞെടുപ്പ് ചൂടില്‍ പടം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലോ എന്ന ആശങ്ക മൂലം അണിയറക്കാര്‍ വീണ്ടും റിലീസ് മാറ്റിയിരിക്കുകയാണ്.
കേരളത്തില്‍ ഏപ്രില്‍ പത്തിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അത് കഴിഞ്ഞ് വിഷുച്ചിത്രമായി വണ്‍ ബൈ ടു എത്തിക്കാമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹണി റോസ്, മുരളി ഗോപി, സംവിധായകന്‍ ശ്യാമപ്രസാദ് എന്നിവരെല്ലാം പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. മാത്രമല്ല മുരളി ഗോപിയും ഹണി റോസും തമ്മിലുള്ള ചുംബനരംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications












