ഒരു ഇന്ത്യന്‍ പ്രണയകഥ- ആദ്യടീസര്‍ പുറത്ത്
ഫഹദ് ഫാസിലും അമല പോളും ഒന്നിയ്ക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പതിവായ പലരീതികളിലും മാറ്റം വരുത്തിക്കൊണ്ട് സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തില്‍ ഇന്നസെന്റും മുത്തുമണിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ഐമനം സിദ്ധാര്‍ത്ഥ് എന്ന യുവരാഷ്ട്രീയനേതാവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നത്. ഗവേഷണത്തിനായി ഇന്ത്യയിലെത്തുന്ന കനേഡിയന്‍ മലയാളിയുവതിയായിട്ടാണ് അമല പോള്‍ അഭിനയിക്കുന്നത്. രസകരമായ ഒട്ടേറെ രംഗങ്ങളാണ് ചിത്രത്തില്‍ കാണാനുള്ളതെന്ന കാര്യം ടീസറില്‍ നിന്നും വ്യക്തമാണ്. പതിവുപോലെ അനായാസ അഭിനയരീതിയുമായി ഫഹദ് ഈ ചിത്രത്തിലൂടെയും പ്രേക്ഷകരെ കയ്യിലെടുക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട. ഒപ്പം മത്സരിച്ച് അഭിനയിക്കാന്‍ അമലയുമുണ്ട്.

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയിലാണ് സത്യന്‍ അന്തിക്കാട് ഇന്ത്യന്‍ പ്രണയകഥ ഒരുക്കിയിരിക്കുന്നത്. പതിവായി തന്റെ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാറുള്ള സാങ്കേതികവിദഗ്ധരിലും ഈ ചിത്രത്തിലൂടെ സത്യന്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാസാഗറിന്റേതാണ് ചിത്രത്തിന്റെ സംഗീതം. സത്യന്‍ ചിത്രങ്ങളില്‍ കുറച്ചുകാലമായി വേണുവായിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നു. ഈ ചിത്രത്തില്‍ യുവഛായാഗ്രഹനായ പ്രദീപ് നായരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബര്‍ ഇരുപതിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.


Click it and Unblock the Notifications











