»   » റിലീസിനു മുമ്പേ ക്യാമ്പസ് കീഴടക്കാന്‍ ഒരു മെക്‌സിക്കന്‍ അപാരത!!! പുതിയ പ്രചരണ തന്ത്രങ്ങള്‍

റിലീസിനു മുമ്പേ ക്യാമ്പസ് കീഴടക്കാന്‍ ഒരു മെക്‌സിക്കന്‍ അപാരത!!! പുതിയ പ്രചരണ തന്ത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ മാത്രമല്ല അവ കൃത്യമായി തിയറ്ററില്‍ എത്തിക്കുന്നതിനും പുതിയ കാലത്തെ നിര്‍മാതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു എന്നതാണ് അടുത്ത കാലത്ത് റിലീസായ ചിത്രങ്ങളുടെ പ്രചരണ പരിപാടികള്‍ കാണിക്കുന്നത്. നൂതനവും വ്യത്യസ്തവുമായി പ്രചരണ പരിപാടികളിലൂടെ പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. ത്രീ ഡി പോസ്റ്ററും എയര്‍ ഏഷ്യയുമായി എയര്‍ലൈന്‍ പാട്ണര്‍ഷിപ്പും ഉണ്ടാക്കി എബി വാര്‍ത്തകളില്‍ ഇടം നേടിയത് അടുത്തിടെയാണ്.

കാലാലയ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ഒരു മെക്‌സിക്കന്‍ അപാരത റിലീസിന് മുമ്പേ ക്യാമ്പസില്‍ തരംഗമുണര്‍ത്താനുള്ള ശ്രമത്തിലാണ്. ചിത്രത്തിന്റെ പ്രചരണത്തിനായി വാഹന റാലി തയാറാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കാലാലയങ്ങളെ ലക്ഷ്യം വച്ചാണ് ഈ റാലി. കേരളത്തിലുടനീളമുള്ള കലാലയങ്ങളിലൂടെ ഈ പ്രചരണ വാഹനം സഞ്ചരിക്കും.

വാഹന പ്രചരണ ജാഥയ്ക്ക് തുടക്കം കുറിച്ചത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നുമാണ്. ടിവി രാജേഷ് എംഎല്‍എയാണ് പ്രചരണ വാഹനത്തിന്റെ ആദ്യ യാത്ര ഉദ്ഘാടനം ചെയ്തത്. ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടി, നിര്‍മാതാവ് അനൂപ് കണ്ണന്‍, വില്ലനായി അഭിനയിക്കുന്ന രൂപേഷ് പീതാംബരന്‍ എന്നിവര്‍ ചടങ്ങില്‍ എത്തിയിരുന്നു.

റിലീസിന് മുമ്പേ ക്യാമ്പസില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയാണ് ഇത്തരത്തിലൊരു ആശയത്തിന് രൂപം നല്‍കാന്‍ കാരണമെന്ന് നിര്‍മാതാവ് അനൂപ് കണ്ണന്‍ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ പതിച്ച രണ്ട് കാറുകളാണ് പ്രചരണത്തിനായി തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ക്യാമ്പസുകളില്‍ ഈ വാഹനമെത്തും.

കലാലയ രാഷ്ട്രീയത്തിന്റെ കഥപറയുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്. ടൊവിനോ, നീരജ്, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകനായ അനൂപ് കണ്ണനാണ് ചിത്രത്തിന്റെ നിര്‍മാണം.

മാര്‍ച്ച് ആദ്യവാരം തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പ്രണയ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

English summary
Oru Mexican Aparatha team starts a new trend of movie promotion. They arrange two cars which designed with movie posters and it visit the campuses all over Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam