പ്രളയമൊതുങ്ങി; വരവറിയിച്ച് ചെങ്കല്‍ രഘു: പടയോട്ടം റിലീസ് പ്രഖ്യാപിച്ചു!
മഹാപ്രളയം ഒഴിഞ്ഞു പോയ മലയാള മണ്ണിലേക്ക് സിനിമകള്‍ ഒരോന്നായി തിരികെ എത്തുകയാണ്. പ്രളയക്കെടുതിയില്‍ കേരളം വലഞ്ഞപ്പോള്‍ റിലീസ് മാറ്റിയ ചിത്രങ്ങള്‍ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. കോമഡി ഗ്യാങ്‌സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന പടയോട്ടം സെപ്തംബര്‍ 14ന് തിയറ്ററിലെത്തും. ഓണം-ബക്രീദ് ചിത്രമായി ഓഗസ്റ്റ് 17ന് തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.
പടയോട്ടത്തിനൊപ്പം ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന കുട്ടനാടന്‍ ബ്ലോഗ്, കായംകുളം കൊച്ചുണ്ണി, വരത്തന്‍, തീവണ്ടി എന്നീ ചിത്രങ്ങളുടെയും റിലീസ് മാറ്റിയിരുന്നു. അതില്‍ കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ ഒമ്പതിന് തിയറ്ററിലെത്തും. മറ്റ് ചിത്രങ്ങളുടെ പുതിയ റിലീസ് തിയതി വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. മലയാള ചിത്രങ്ങളില്ലാത്ത ഓണക്കാലമാണ് ഇക്കുറി.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റഫീക്ക് ഇബ്രാഹിമാണ്. ചെങ്കല്‍ രഘു എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തുന്ന പടയോട്ടത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബിജു മേനോനൊപ്പം രവി സിംഗും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനു സിത്താര, അനുശ്രീ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.


Click it and Unblock the Notifications











