»   » മാപ്പൊന്നും പറഞ്ഞിട്ടില്ല: പത്മപ്രിയ

മാപ്പൊന്നും പറഞ്ഞിട്ടില്ല: പത്മപ്രിയ

Posted By:
Subscribe to Filmibeat Malayalam
Padmapriya
സംവിധായകന്‍ എംഎ നിഷാദിനോട് മാപ്പുപറഞ്ഞുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നടി പത്മപ്രിയ. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലൂടെയാണ് പത്മപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്.

എംഎ നിഷാദ് സംവിധാനം ചെയ്ത മധുര ബസ് നമ്പര്‍ 66 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പ്രശ്‌നങ്ങളെച്ചൊല്ലി സംവിധായകന്‍ എംഎ നിഷാദ് പത്മപ്രിയയ്‌ക്കെതിരെ പ്രൊഡ്യൂസേഴ്‌സും അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടിക്കെതിരെ മലയാളസിനിമയില്‍ അപ്രഖ്യാപിത വിലക്കും നിലവില്‍ വന്നു.

ബുധനാഴ്ച കൊച്ചി ട്രാവന്‍കൂര്‍ ഹോട്ടലില്‍ വച്ച് പത്മപ്രിയയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. സംവിധായകന്‍ എം.എ. നിഷാദും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്കിടെ പത്മപ്രിയ നിഷാദിനോട് മാപ്പുപറഞ്ഞതായും ഇതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നുമായിരുന്നു വാര്‍ത്തകള്‍. ഇത് നിഷേധിച്ചു കൊണ്ടാണ് പത്മപ്രിയ രംഗത്തുവന്നിരിയ്ക്കുന്നത്.

ഷൂട്ടിങിനിടെയുണ്ടായ പ്രശ്‌നങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അംഗങ്ങളോട് വിശദീകരിക്കുകയാണ് ഞാന്‍ ചെയ്തത്. ആശയവിനിമയത്തിലുണ്ടായ പാളിച്ചകളും തെറ്റിദ്ധാരണകളും മൂലം രണ്ട് കൂട്ടര്‍ക്കും അസൗകര്യങ്ങളുണ്ടായെന്ന് സമ്മതിയ്ക്കുകയും ചെയ്തു. പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്താണ് പിരിഞ്ഞത്. എന്നാല്‍ ചര്‍ച്ചയില്‍ യാതൊരു വിധത്തിലുമുള്ള ഖേദപ്രകടനമോ മാപ്പുപറച്ചിലോ നടത്തിയിട്ടില്ല. അങ്ങനെയൊരു വ്യാഖ്യാനം കണ്ടെത്താന്‍ കഴിയില്ലെന്നും പത്മപ്രിയയുടെ ഇമെയില്‍ സന്ദേശത്തിലുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam