For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരണത്തടിക്കാമോ, ആരുടെയായാലും?

  By Staff
  |

  മുംബെ : നടി പദ്മപ്രിയയെ കരണത്തടിച്ച സംവിധായകന്‍ സാമിയ്ക്ക് ലഭിച്ച ഒരു കൊല്ലത്തെ വിലക്ക് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഏറെയാണ്. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ ഒരു വശത്ത്. നടീനടന്മാരുടേതക്കമുളള പ്രശ്നങ്ങളില്‍ പെട്ട് വല്ലാതെ താളം തെറ്റുന്ന ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷം മറുവശത്ത്.

  മുന്‍വൈരാഗ്യത്തോടെയാണ് സാമി തന്നെ അടിച്ചതെന്നാണ് പദ്മപ്രിയ പറയുന്നത്. ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന് തന്നെ അസഭ്യം പറഞ്ഞുവെന്നും വളരെ മോശമായാണ് ഈ സംവിധായകന്‍ സെറ്റില്‍ പെരുമാറുന്നതെന്നും പദ്മപ്രിയ പറയുമ്പോള്‍ നമുക്ക് അവിശ്വസിക്കേണ്ട കാര്യമില്ല.

  സ്ത്രീയെ ഏറ്റവും ഭംഗിയായി ചൂഷണം ചെയ്യുന്ന മേഖല സിനിമ തന്നെയാണ്. പ്രശസ്തിയുടെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ഒരു വശത്ത്. കലാഭിരുചിയുടെ ആന്തരിക പ്രേരണ കൊണ്ട് ഈ മേഖലയിലെത്തുന്നവരുമുണ്ട്. ചൂഷണോപാധിയായി സിനിമയെ ഉപയോഗിക്കുന്നവരും, മാധ്യമമെന്ന നിലയില്‍ സിനിമയെ സമീപിക്കുന്നവരുമുണ്ട്. ചുരുക്കത്തില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ് സിനിമയുടെ ആന്തരിക സമസ്യകള്‍.

  സിനിമാ നിര്‍മ്മാണം അത്യന്തം മാനസിക സംഘര്‍ഷം നിറഞ്ഞ പണിയാണെന്നും അതിനാല്‍ ചിലപ്പോള്‍ സംവിധായകന്റെ നിയന്ത്രണം വിട്ടുപോകുമെന്നും ഒരുവിഭാഗം വാദിക്കുമ്പോള്‍, ഏതു സാഹചര്യത്തിലായാലും സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നടിമാരും അഭിപ്രായപ്പെടുന്നു.

  അടിയ്ക്ക് അടി എന്ന സമീപനമാണ് അതിരുവിടുന്ന കോപപ്രകടനങ്ങള്‍ക്ക് മരുന്നെന്നാണ് അഭിനേതാക്കളുടെ പക്ഷം. പദ്മപ്രിയയുടെ കരണത്ത് അടിച്ചതിന്റെ പ്രതികരണമായി സാമിയെ ഓണ്‍ ദി സ്പോട്ടില്‍ അവരും തിരിച്ചടിച്ചിരുന്നെങ്കില്‍, സിനിമാ മേഖലയില്‍ എന്താവും സാമിയുടെ വിലയെന്ന് ആലോചിച്ചാല്‍ ചിരിക്കാനേ കഴിയൂ.

  സെറ്റിലെ അടിയും തിരിച്ചടിയുമൊന്നും ബോളിവുഡിന് പുത്തരിയല്ല. സെറ്റില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ച നടന്‍ മുസാമില്‍ ഇബ്രാഹിമിനെ പൂജാ ഭട്ട് മര്‍ദ്ദിച്ചത് വന്‍വാര്‍ത്തയായിരുന്നു. പൂജ സംവിധാനം ചെയ്യുന്ന ധോക്ക എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവം. നിയന്ത്രണം വിട്ടാല്‍ സ്ത്രീ സംവിധായകരും അടിച്ചുപോകും എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഇവിടെ അടി കിട്ടിയത് പുരുഷ കേസരിയ്ക്കായിരുന്നു.

  കരീബ് എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും പുറത്തുവന്ന വാര്‍ത്ത കുറേക്കൂടി കടുത്തതാണ്. സംവിധായകന്‍ വിധു വിനോദ് ചോപ്രയുടെ നിര്‍ദ്ദേശങ്ങള്‍ നായിക നേഹ ചെവിക്കൊളളാതെ വന്നപ്പോള്‍ ചോപ്ര ചെയ്തതെന്താണെന്നോ? നേഹയുടെ കൈ കടിച്ചു മുറിച്ചു.

  ക്രൂരനായ സംവിധായകനാണ് സഞ്ജയ് ലീലാ ബന്‍സാലിയെന്ന് അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സംഘവും രണ്ടു നടന്മാരും സാക്ഷി പറയും. സവാരിയ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ബന്‍സാലിയ എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചത്.

  സോനം കപൂറും, രണ്‍ബീര്‍ കപൂറും അന്ന് ബന്‍സാലിയുടെ നാവിന്റെ ചൂട് നന്നായി അറിഞ്ഞു. ബ്ലാക്ക് എന്ന ചിത്രത്തില്‍ ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചപ്പോല്‍ രണ്‍ബീര്‍ കപൂറിന് കിട്ടിയ ശിക്ഷ വേറൊന്നായിരുന്നു. ചുണ്ടില്‍ വിരല്‍ ചേര്‍ത്തു വെച്ച് സെറ്റിന് പുറത്ത് ഒരുദിവസം നില്‍ക്കാനായിരുന്നു സംവിധായകന്റെ ആജ്ഞ.

  ബന്‍സാലിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സഹസംവിധായകരുടെ മൊബൈല്‍ ഫോണുകള്‍ മുഴുവന്‍ തറയിലെറിഞ്ഞുടച്ചാണ് ഒരിക്കല്‍ അദ്ദേഹം ദേഷ്യം തീര്‍ത്തത്.

  എന്‍ ചന്ദ്രയുടെ വജോദിലഭിനയിക്കുമ്പോള്‍ അനില്‍ കപൂറിനെ പീഡിപ്പിച്ചത് സഹതാരം നാനാ പടേക്കറായിരുന്നു. സഹികെട്ട് ആ ചിത്രം തന്നെ അനില്‍ കപൂര്‍ ഉപേക്ഷിച്ചു. പകരം മുകുല്‍ ദേവിനെ വച്ചാണ് പിന്നീട് ചിത്രം പൂര്‍ത്തിയാക്കിയത്.

  മലയാളത്തില്‍ ഇത്തരം കഥകള്‍ അത്രപെട്ടെന്ന് പുറത്തുവരാറില്ല. കരാര്‍ ലംഘനവും വണ്ടിച്ചെക്ക് കേസും ഷെഡ്യൂളുകള്‍ തോന്നും പോലെ മാറ്റിമറിക്കുന്നതുമൊക്കെയാണ് ഇവിടുത്തെ വലിയ പീഢനങ്ങള്‍.

  ഏതായാലും കോടികള്‍ മുതലിറങ്ങുന്ന ഒരു വ്യവസായത്തില്‍ എല്ലാ സംഘര്‍ഷവും സംവിധായകന്റെ തലയില്‍ വന്നാല്‍ ചിലപ്പോഴെങ്കിലും അയാളുടെ പിടി വിട്ടുപോയേക്കാം. അതാണോ സാമിയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് ഉറപ്പില്ല. ഏതു സാഹചര്യത്തിലും ആരുടെയും കരണത്തടിക്കാനുളള അധികാരമൊന്നും സംവിധായകനില്ലെന്ന് അവരും അറിഞ്ഞിരിക്കേണ്ടതുമാണ്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X