പ്രണയത്തിന്റെ ഗന്ധർവൻ, പത്മരാജൻ ഓർമയായിട്ട് 29 വർഷം
"വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല..... നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക" ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക'' -പത്മരാജൻ.
മലയാളികളുടെ മനസ്സിൽ നിന്ന് അത്രവേഗം മാഞ്ഞ് പോകാത്ത ഒരു വാചകമാണ്. പ്രണയത്തിന്റേയും വിരഹത്തിന്റേയും ഏറ്റവും തീവ്രമായ ഭാവം മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായനാകാണ് പത്മരാജൻ. മലയാള സിനിമയുടെ ഗന്ധർവൻ ഓർമയായിട്ട് 29 വർഷം പിന്നിടുകയാണ്.

പ്രണയത്തിന് സൗമ്യ ഭാവം മാത്രമല്ല അതിന്റെ തീവ്രത ഒരു ഫ്രെയിമിലൂടെ പ്രേക്ഷകർക്ക് കാണിച്ചു തന്ന കലാകാരനാണ് പത്മരാജൻ. കണ്ടു വന്ന പ്രണയ സങ്കൽപ്പങ്ങളെ തച്ചുടച്ചു കൊണ്ടാണ് പത്മരാജൻ ചിത്രങ്ങളെത്തിയത്. പിന്നാലെ നടന്ന് പ്രണയാഭ്യർഥന നടത്തുന്ന നായകൻ അല്ലെങ്കിൽ നായിക, പ്രണയം തിരിച്ചറിഞ്ഞ് ഇവർ ഒരുമിക്കുന്ന ഹാപ്പി എൻഡിങ്ങ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ,പ്രണയത്തിന്റെ അവസാനം വിവാഹം അല്ലെന്നും രണ്ട് മനസ്സുകളുടേയും ശരീരങ്ങളുടേയും പവിത്രമായ കൂടിച്ചേരൽ കൂടിയാണെന്നും അദ്ദേഹം പ്രണയത്തെ സിനിമയിൽ തങ്കലിപികൊണ്ട് എഴുതി ചേർക്കുകയായിരുന്നു. പറയാതെ പറയുന്നതും അറിയാതെ അറിയുന്നതും ഒടുവിൽ ജീവിതത്തിൽ ഒന്നാകാതെ മനസ്സുകൾ കൊണ്ട് ജീവിതകാലം മുഴുവൻ പ്രണയിക്കുന്ന നായകനേയും നായികയേയുമാണ് പത്മാരാജൻ തന്റെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ക്ലാരയും ജയകൃഷ്ണനും ഭാമയും ദേവനുമെല്ലാം ഇപ്പോഴും നമുക്ക് ചുറ്റിലുമുള്ള പല മനുഷ്യരേയും പ്രതിനധികരിക്കുന്നവരാണ്.
ഒരുപിടി മികച്ച ക്ലാസിക് ചിത്രങ്ങളാണ് മലയാള സിനിമ ലോകത്ത് അദ്ദേഹം നൽകിയതെങ്കിലും ജീവിച്ചിരുന്നപ്പോൾ സിനിമയിൽ വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. മലയാള സിനിമയുടെ ഗന്ധർവൻ ഭൂമി വിട്ട് പോയത് ചെയ്യാനും പറയാനും ബാക്കി വെച്ച നിരവധി കഥാപാത്രങ്ങളേയും കൊണ്ടാണ്. ഭൂമിയിൽ നിന്ന് വിടപറഞ്ഞ് 29 വർഷം പിന്നിടുമ്പോഴും ഇന്നും പത്മരാജൻ അദ്ദേഹത്തിന്റെ കഥകളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്.


Click it and Unblock the Notifications