പഞ്ചവര്‍ണ്ണ തത്തയുമായി ജയറാമും ചാക്കോച്ചനുമെത്തുന്നു: ആദ്യ ഗാനം പുറത്ത്! കാണാം
ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായകന്‍മാരാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. മണിയന്‍പിളള രാജു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായികയാവുന്നത്. ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തല മൊട്ടയടിച്ച് ശരീര ഭാരം കൂട്ടിയായിരുന്നു ജയറാം ചിത്രത്തിലെ കഥാപാത്രത്തിനായി മേയ്ക്ക് ഓവര്‍ നടത്തിയിരുന്നത്.
വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു തുല്ല്യ പ്രാധാന്യമുളള വേഷത്തിലാണ് എത്തുന്നത്. ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സലീകുമാര്‍, ധര്‍മ്മജന്‍. ജോജു ജോര്‍ജ്ജ്, അശോകന്‍, കുഞ്ചന്‍.മണിയന്‍പ്പിളള രാജു, സാജന്‍ പള്ളുരുത്തി, സീമാ ജി നായര്‍,കനകലത, മഞ്ജു മാറിമായം എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

നേരത്തെ ചിത്രത്തിന്റെതായി ജയറാമിന്റെയും ചാക്കോച്ചന്റെയും കഥാപാത്രങ്ങളെ കാണിക്കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഇരുവരും പഞ്ചവര്‍ണ്ണ തത്തയെ നോക്കി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയിരുന്നത്. സ്വാഭാവിക ഹാസ്യത്തിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന രമേഷ് പിഷാരടിയില്‍ നിന്നും അത്തരത്തിലൊരു ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എല്ലാ തരത്തിലും പ്രക്ഷകരെ ആകര്‍ഷിക്കുന്ന ഒരു ചിത്രമായിരിക്കും പഞ്ചവര്‍ണ്ണ തത്തയെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ രമേഷ് പിഷാരടി അറിയിച്ചിരുന്നു.

പഞ്ചവര്‍ണ്ണ തത്തയിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്.'പഞ്ചവര്‍ണ്ണ തത്ത പറന്നേ' എന്നു തുടങ്ങുന്ന ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. ഹരിചരണും ജ്യോത്സനയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു പിറന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications