പഞ്ചവര്‍ണ്ണ തത്തയുടെ ജൈത്രയാത്ര തുടരുന്നു: മേയ്ക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍! കാണൂ
രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. സ്വാഭാവിക ഹാസ്യത്തിലൂടെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പിഷാരടിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. സപ്തരംഗ് സിനിമാസിന്റെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീ നായികയായി എത്തിയ ചിത്രത്തില്‍ സലീംകുമാര്‍, ധര്‍മ്മജന്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. കമ്മാര സംഭവം,മോഹന്‍ലാല്‍ എന്നീ ചിത്രങ്ങളോടൊപ്പം വിഷു റിലീസായിട്ടായിരുന്നു പഞ്ചവര്‍ണ്ണ തത്ത റിലീസ് ചെയ്തിരുന്നത്.

നൂറിലധികം തിയ്യേറ്ററുകളില്‍ ആദ്യ ദിനമെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു എല്ലായിടങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. ജയറാമിന്റെ വ്യത്യസ്ഥ ലുക്ക് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. തലമൊട്ടയടിച്ചും ശരീരഭാരം കൂട്ടിയും വ്യത്യസ്ഥ ലുക്കിലായിരുന്നു ജയറാം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമായിരുന്നു ചിതത്തിന്റെ പ്രമേയം.സിനിമാ പ്രേമികളുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെയെത്തിയ ഒരു ചിത്രമായാണ് പഞ്ചവര്‍ണ്ണ തത്തയെ എല്ലാവരും വിലയിരുത്തിയത്. ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നത്.
പഞ്ചവര്‍ണ്ണ തത്തയുടെ സാറ്റലൈറ്റ് റൈറ്റും മറ്റും ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പേ വിറ്റു പോയിരുന്നു. മഴവില്‍ മനോരമയാണ് ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നത്. ഏറെക്കാലത്തിന് ശേഷം ജയറാമിന് ലഭിച്ച ഹിറ്റ് ചിത്രമായിരുന്നു പഞ്ചവര്‍ണ്ണ തത്ത. ചിത്രത്തിനു വേണ്ടി ജയറാം നടത്തിയ രൂപമാറ്റത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ മേയ്ക്കിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ടിരുന്നു.രമേഷ് പിഷാരടി തന്നെയാണ് പഞ്ചവര്‍ണ്ണ തത്തയുടെ മേയ്ക്കിംഗ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











