കമല്‍ഹാസനോ അജയ് ദേവ്ഗണോ ലാലോ
പേരില്‍ ചെറുതാണെങ്കിലും അതുണ്ടാക്കിയ കൊടുങ്കാറ്റ് ഇനിയും അടങ്ങുന്നില്ല. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തെ മലയാളികളൊന്നും പെട്ടെന്നു മറക്കില്ല. മലയാളികള്‍ക്കുണ്ടാക്കിയ ആകാംക്ഷയും ഞെട്ടലുമെല്ലാം അനുഭവിക്കാന്‍ ഇനി തയാറെടുക്കുന്നത് ഹിന്ദി സിനിമാ പ്രേക്ഷകരും തമിഴ് പ്രേക്ഷകരുമാണ്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശും ഹിന്ദി പതിപ്പും അടുത്ത ദിവസങ്ങളില്‍ തിയറ്ററുകളിലെത്തുകയാണ്. പാപനാശത്തില്‍ കമല്‍ഹാസനും ഹിന്ദിയില്‍ അജയ് ദേവ്ഗണുമാണ് നായകന്‍മാര്‍. പാപനാശം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫ് തന്നെയാണെങ്കില്‍ ഹിന്ദി ഒരുക്കുന്നത് നിഷികാന്ത് കാമത്ത് ആണ്. ഹിന്ദിയിലും ദൃശ്യം എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്.
തെലുങ്കിലും കന്നടയ്ക്കും ശേഷമാണ് ദൃശ്യത്തിന്റെ തമിഴും ഹി്ന്ദിയും ഒരുങ്ങുന്നത്. അതായത് മോഹന്‍ലാല്‍ നായകനായ മണിചിത്രത്താഴിനു ശേഷം ഇത്രയധികം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നചിത്രമാണ് ദൃശ്യം.

മലയാളത്തില്‍ മീനയായിരുന്നു നായികയെങ്കില്‍ തമിഴില്‍ ഗൗതമിയാണ് കമലിന്റെ നായികയായെത്തുന്നത്. ഹിന്ദിയില്‍ ശ്രിയ ശരണ്‍ ആണ് നായിക. മലയാളത്തില്‍ ആശാശരത് അവതരിപ്പിച്ച പൊലീസ് വേഷം തമിഴിലും ആശ തന്നെയാണു ചെയ്യുന്നത്. ഹിന്ദിയില്‍ തബുവും. തമിഴിലും എസ്തര്‍ ത ന്നെയാണ് ചെറിയമകളുടെ വേഷം ചെയ്യുന്നത്. മലയാളത്തില്‍ കലാഭവന്‍ ഷാജോണ്‍ ചെയ്ത വേഷം തമിഴില്‍ കലാഭവന്‍മണിയാണ് ചെയ്യുന്നത്.
കന്നഡയില്‍ രവിചന്ദ്രന്‍ ആയിരുന്നു നായക വേഷം ചെയ്തിരുന്നത്. നായിക നവ്യാ നായരും. ആശാ ശരത് തന്നെയായിരുന്നു പൊലീസ് വേഷത്തില്‍. തെലുങ്കില്‍ വെങ്കിടേഷ് ആയിരുന്നു നായകന്‍. നായിക. മീനയും. സംവിധാനം ശ്രീപ്രിയയും.
തിരക്കഥ തന്നെയാണ് ഒരു സിനിമയുടെ നട്ടെല്ല് എന്നു തെളിയിച്ച ദൃശ്യത്തിന്റെ ഹിന്ദിയോ തമിഴോ ഇനി നേട്ടമുണ്ടാക്കുക എന്നു നോക്കിക്കാണാം.


Click it and Unblock the Notifications