പരദേശിക്കു പതിഞ്ഞ തുടക്കം
പ്രതീക്ഷിച്ചതു പോലെ തന്നെ പരദേശി ബോക്സോഫീസില്‍ മുടന്തുകയാണ്. നല്ല ചിത്രമെന്ന വിമര്‍ശകാഭിപ്രായം മാത്രം ഒരു സിനിമയെയും കളക്ഷനില്‍ രക്ഷിക്കില്ലല്ലോ. പരദേശിയുടെ സ്ഥിതിയും അതുതന്നെ. അവാര്‍ഡ് പടമെന്ന ലേബല്‍ നല്‍കി പ്രേക്ഷകര്‍ പരദേശിയെയും നിരാകരിക്കുകയാണ്.
സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്ന നിലയില്‍ പരദേശി ഒരു വിജയമാവുമെന്ന പ്രതീക്ഷ ഈ ചിത്രത്തിന്റെ നിര്‍മാതാവിനുണ്ടാകാനിടയില്ല. മുസ്ലിം പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രമെന്ന നിലയിലാണ് റംസാന്‍ സീസണില്‍ ഈ ചിത്രം റിലീസ് ചെയ്തത്. അതൊന്നും ഈ ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തില്‍ യാതൊരു ഗുണവും ചെയ്തിട്ടില്ല.
മോഹന്‍ലാലിന്റെ പ്രകടനമാണ് പരദേശിയുടെ ഹൈലൈറ്റ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന നായകനെയാണ് മോഹന്‍ലാല്‍ പരദേശിയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പരദേശിയിലെ വലിയകത്തു മൂസ.
സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദും മോഹന്‍ലാലിനു വേണ്ടി ഈ ചിത്രം നിര്‍മിച്ച ആന്റണി പെരുമ്പാവൂരും ഇനി നോക്കുന്നത് അവാര്‍ഡുകള്‍ ഈ ചിത്രത്തെ തേടിവരുമോയെന്നായിരിക്കും. തീര്‍ച്ചയായും 2007ലെ മലയാള ചിത്രങ്ങള്‍ക്കായുള്ള വിവിധ അവാര്‍ഡുകള്‍ക്കായി പ്രധാനമായും പരിഗണിക്കപ്പെടുന്ന ചിത്രങ്ങളിലൊന്നായിരിക്കും പരദേശി. ദേശീയ തലത്തിലും ഈ ചിത്രം ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ബോക്സോഫീസില്‍ പരാജയപ്പെടുന്ന മോഹന്‍ലാലിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ചിത്രമാണ് പരദേശി. ഛോട്ടാ മുംബൈ, ഹലോ എന്നീ ഹിറ്റുകള്‍ക്കു ശേഷം അലിഭായി അപ്രതീക്ഷിതമായി പരാജയം ഏറ്റുവാങ്ങി. പിന്നാലെ പരദേശിയും പരാജയത്തിന്റെ പട്ടികയില്‍ തന്നെ.
ഈ വര്‍ഷം ഇനി മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടി റിലീസ് ചെയ്യാനുണ്ട്. നവംബറില്‍ രഞ്ജിത്തിന്റെ റോക്ക് എന്‍ റോള്‍ റിലീസ് ചെയ്യും. ഡിസംബറില്‍ ആകാശഗോപുരം, ഫ്ലാഷ് എന്നീ ചിത്രങ്ങളും. ആര്‍ട് ചിത്രമായ ആകാശഗോപുരം മാറ്റിനിര്‍ത്തിയാല്‍ റോക്ക് എന്‍ റോളിലും ഫ്ലാഷിലുമാണ് ഇനി മോഹന്‍ലാലിന്റെ ഹിറ്റ് പ്രതീക്ഷകള്‍.


Click it and Unblock the Notifications