ചരിത്രം കുറിച്ച് പരുന്ത് പ്രദര്‍ശനത്തിനെത്തി
മലയാള സിനിമയുടെ റിലീസിംഗ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മമ്മുട്ടി നായകനായ പരുന്ത് പ്രദര്‍ശനത്തിനെത്തി. പുലര്‍ച്ചെ 12.01ന് റിലീസ് ചെയ്‌താണ് പരുന്ത് റെക്കോര്‍ഡ് സ്ഥാപിച്ചത്.
മലപ്പുറം ജില്ലയിലെ താനൂരിലുള്ള പിവിഎസ് തിയേറ്ററിലായിരുന്നു വെള്ളിയാഴ്‌ച 12.01ന് ആദ്യ പ്രദര്‍ശനം നടന്നത്. അസമയത്താണെങ്കിലും പരുന്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ വന്‍ ജനക്കൂട്ടമാണ് തിയേറ്ററിലെത്തിയത്. മമ്മൂട്ടി പലിശക്കാരന്റെ വേഷത്തിലഭിനയിക്കുന്ന പരുന്ത് കേരളത്തില്‍ 80 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്.
യുവസംവിധായകന്‍ പത്മകുമാറിന്റെ നാലാമത്തെ ചിത്രമാണിത്. മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് അര്‍ദ്ധരാത്രിയില്‍ റിലീസിംഗ് നടത്തിയത്.
മമ്മൂട്ടിയുടെ അണ്ണന്‍ തമ്പി എന്ന ചിത്രം കഴിഞ്ഞ മെയ് 18ന് പുലര്‍ച്ചെ 3.45നായിരുന്നു തിയേറ്ററിലെത്തിയത്. മലപ്പുറത്തുതന്നെയായിരുന്നു ഇതിന്റെയും റിലീസ്. പിന്നീട് ഇത് ഒരു മത്സരമാക്കാന്‍ സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകര്‍ തീരുമാനിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ മാടമ്പി പാലക്കാട്ട് പുലര്‍ച്ചെ 3.25 പ്രദര്‍ശിപ്പിച്ചാണ് ലാല്‍ ഫാന്‍സ് മമ്മൂട്ടി ഫാന്‍സിന് മറുപടി നല്‍കിയത്.
ഇതിനെത്തുടര്‍ന്നാണ് മമ്മൂട്ടിയുടെ അരാധകര്‍ വീണ്ടും സമയത്തില്‍ മാറ്റം വരുത്തി 12.01ന് പരുന്തിന്റെ പ്രദര്‍ശനം നടത്തിയത്. കോഴിക്കോട് അപ്‌സര തിയേറ്ററില്‍ പുലര്‍ച്ചെ നാലുമണിയ്‌ക്കും, തിരുവനന്തപുരം അഞ്ജലി, ആദിത്യ തിയേറ്ററുകളില്‍ കാലത്ത് ഏഴിനുമാണ് പരുന്തിന്റെ പ്രദര്‍ശനം ആരംഭിച്ചത്.
രജനീകാന്തിന്റേതുള്‍പ്പെടെയുള്ള തമിഴ് ചിത്രങ്ങള്‍ ഇത്തരത്തില്‍ പുലര്‍ച്ചെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഫാന്‍സ് അസോസിയേഷനുകളുടെ മത്സരമനോഭാവത്തോടെ ഇത് കേരളത്തിലും പതിവാകുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പരുന്തിലെ ചിത്രങ്ങള്‍


Click it and Unblock the Notifications