ജഗതിയുടെ തിരിച്ചുവരവിന്റെ പൂജ ചടങ്ങിലേക്ക് മനോജ് കെ ജയനെ വിളിച്ചതിന് പിന്നിലൊരു കാരണമുണ്ടെന്ന് മകള്‍
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്നൊരു തിരിച്ചുവരവാണ് ജഗതി ശ്രീകുമാറിന്റേത്. 7 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ക്യാമറയെ അഭിമുഖീകരിക്കുന്നത്. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തിനിടയില്‍ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെത്തുടര്‍ന്നാണ് അദ്ദേഹം വീല്‍ചെയറിലായത്. സിനിമാലോകവും ആരാധകരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ഒരുപോലെ പ്രാര്‍ത്ഥിച്ചിരുന്നു. സൂപ്പര്‍ താരങ്ങളേക്കാള്‍ കൂടുതല്‍ തിരക്കായിരുന്നു അദ്ദേഹത്തിന്. എല്ലാതരം കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ച് മുന്നേറിയ താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
അപകടത്തിന് ശേഷം അദ്ദേഹത്തെ തേടി നിരവധി അവസരങ്ങളെത്തിയിരുന്നുവെന്നും ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞ് അന്നതൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് മകന്‍ വ്യക്തമാക്കിയിരുന്നു. വിദഗദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് താരത്തെ ചികിത്സിക്കുന്നത്. അവരുടെ നിര്‍ദേശപ്രകാരമായാണ് താരം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. ജഗതി ശ്രീകുമാര്‍ മാത്രമല്ല കുടുംബത്തിലെല്ലാവരും പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പരസ്യചിത്രത്തിന്റെ പൂജ നടത്തിയത്. മനോജ് കെ ജയനുള്‍പ്പടെ വന്‍താരനിരയാണ് അദ്ദേഹത്തെ ആശീര്‍വദിക്കാനെത്തിയത്.

7 വര്‍ഷത്തിന് ശേഷം
മലയാളത്തിന്‍രെ അഭിനയകുലപതികളിലൊരാള്‍ തന്നെയാണ് ജഗതി ശ്രീകുമാര്‍. കേവലമൊരു ഹാസ്യതാരം എന്നതിനും അപ്പുറത്ത് സ്വഭാവ നടനായും വില്ലനായും നായകനായുമൊക്കെ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുന്നതിനിടയിലാണ് വില്ലനായി അപകടമെത്തിയത്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. പിന്നീടുള്ള ഓരോ വാര്‍ത്തയെക്കുറിച്ച് അറിയുമ്പോഴും എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അദ്ദേഹത്തിനായി കഥാപാത്രങ്ങള്‍ വരെ മാറ്റിവെച്ച് കാത്തിരുന്നവരും കുറവല്ല.

നേരത്തെ നല്‍കിയ വാഗ്ദാനം
സിനിമയില്‍ സജീവമായിരുന്ന സമയത്ത് അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്. അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ ചിത്രീകരണത്തിനായി എത്തിയ താരം പാര്‍ക്കിന്റെ ഉടമകളെ തേടിയെത്തിയിരുന്നു. ഇത്രയും നല്ലൊരു പാര്‍ക്കിനെക്കുറിച്ച് പരസ്യം ചെയ്യാത്തതിനെക്കുറിച്ചായിരുന്നു അദ്ദേഹം ചോദിച്ചത്. ഇതേക്കുറിച്ച് ആളുകള്‍ അറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരസ്യം ചെയ്യുമ്പോള്‍ താന്‍ തന്നെ അഭിനയിക്കാമെന്ന ഉറപ്പും അദ്ദേഹം നല്‍കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്.

സ്വന്തമായി നിര്‍മ്മാണക്കമ്പനി
സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും അദ്ദേഹം ആലോചിച്ചിരുന്നു. മക്കളോട് ഇതേക്കുറിച്ച് ഗൗരവകരമായി ആലോചിക്കാനുള്ള നിര്‍ദേശവും അദ്ദേഹം നല്‍കിയിരുന്നു. മക്കളായ രാജ്കുമാറും പാര്‍വതിയും ഇത് പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. അതിനിടയിലാണ് തേഞ്ഞിപ്പാലത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. നിര്‍മ്മാണക്കമ്പനി തുടങ്ങുമ്പോള്‍ ഉദ്ഘാടകനായി ആരെത്തണമെന്ന കാര്യത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു.

മനോജ് കെ ജയനെ വിളിക്കണം
മുന്‍നിര താരങ്ങളും സിനിമാപ്രവര്‍ത്തകരുമൊക്കെയായി അടുത്ത ബന്ധമുള്ള ജഗതി ശ്രീകുമാറിന്റെ നിര്‍മ്മാണക്കമ്പനി ഉദ്ഘാടനം ചെയ്യാന്‍ ആരെ വിളിച്ചാലും അവര്‍ വരും. എന്നാല്‍ അ്ന്ന് പപ്പ പറഞ്ഞ പോലെ തന്നെയാണ് മക്കള്‍ ചെയ്തത്. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പപ്പയുടെ വാക്കുകളെക്കുറിച്ച് ഓര്‍ത്തത്. മുഖ്യാതിഥിയായി മനോജ് കെ ജയനെ വിളിക്കണമെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. പ്രതിഭയുള്ളവനാണ് മനോജെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെ ഉദ്ഘാടകനായി എത്തിയത് മനോജ് കെ ജയന്‍ തന്നെയായിരുന്നു.

പപ്പയ്ക്ക് എല്ലാം മനസ്സിലാവും
പപ്പയ്ക്ക് എല്ലാം കേള്‍ക്കാനാവുന്നുണ്ടെന്നും മനസ്സിലാവുകയും ചെയ്യുമെന്നും ആ ചടങ്ങിനിടയില്‍ പാര്‍വതി പറഞ്ഞിരുന്നു. പക്ഷേ, സംസാരിക്കാനാവില്ലെന്നും മകള്‍ പറഞ്ഞിരുന്നു. 7 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന്റെ പൂജ ചടങ്ങിന് ആശംസ നേരാനായി നിരവധി പേരാണ് എത്തിയത്. പ്രസംഗിക്കുന്നവരെല്ലാം തന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറയുന്നത് കേട്ട് നിറപുഞ്ചിരി തൂകി വേദിയിലിരിക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍.

മനോജ് കെ ജയന്‍ പറഞ്ഞത്
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മനോജ് കെ ജയന്‍. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമായിരുന്നു അദ്ദേഹത്തിന്‍രെ വരവ്. അഭിനയം മാത്രമല്ല നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്നും അദ്ദേഹം തെളിയിച്ചിരുന്നു. എന്‍രെ അച്ഛന് ഒരു മാസം മുന്‍പ് പത്മശ്രീ കിട്ടി, അന്നുണ്ടായ അതേ സന്തോഷമാണ് അമ്പിളിച്ചേട്ടന്റെ രണ്ടാംവരവില്‍ താന്‍ അനുഭവിക്കുന്നതെന്നായിരുന്നു മനോജ് കെ ജയന്‍ പറഞ്ഞത്.


Click it and Unblock the Notifications