'എഎംഎംഎയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ, ആര് വന്നാലും അവർ എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളു'
ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങളെയും തുടർന്ന് താരസംഘടനയായ അമ്മയിൽ കൂട്ടരാജി സംഭവിച്ചത് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ്. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചിരുന്നു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്ത് വന്ന വെളിപ്പെടുത്തലുകളിൽ മലയാള സിനിമ ലോകവും അമ്മയും ആകെ ഉലഞ്ഞിരുന്നു.
പ്രസിഡന്റ് മോഹൻലാലിന് പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവെച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവിനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണ് രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.

വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങളും എത്തിയിരുന്നു. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ട് മാസമാകാറായിട്ടും ജനറൽ ബോഡി വിളിക്കാനോ തെരഞ്ഞെടുപ്പ് നടത്താനോയുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല. ഇത് സംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് നിലവിലുള്ള നേതൃത്വം. ജൂൺ വരെ കാവൽ ഭരണസമിതിക്ക് തുടരാമെന്നാണ് ബൈലോയിലെ നിബന്ധന.
അതുവരെ സമയമുള്ളതുകൊണ്ടാണ് തിടുക്കപ്പെട്ട് ജനറൽ ബോഡി വിളിക്കാത്തത്. അതേസമയം ഇനി അമ്മയുടെ നേതൃസ്ഥാനത്തേക്ക് താൻ ഇല്ലെന്ന നിലപാടിലാണ് മോഹൻലാൽ. തീരുമാനം മോഹൻലാൽ സഹപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അമ്മയിലേക്ക് മാത്രമായി വിമർശനങ്ങൾ കേന്ദ്രീകരിച്ചതിലുള്ള എതിർപ്പ് മോഹൻലാൽ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ അമ്മ സംഘടനയിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗവും നടിയുമായ പാർവതി തിരുവോത്ത് മനോരമ ന്യൂസിനോട് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. എഎംഎംഎയുടെ തലപ്പത്ത് ആര് വന്നാലും അവർ എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളുവെന്ന് പാർവതി പറഞ്ഞു.
എഎംഎംഎയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ. പുതിയതായി ആര് വന്നാലും പഴയ ആൾക്കാർ തന്നെ വന്നാലും അവർ എന്താണ് ചെയ്യുന്നത് എന്നത് മാത്രമെ നമുക്ക് നോക്കാനുള്ളു. എഎംഎംഎ തിരിച്ച് വരാൻ പാടില്ലെന്നും ഞാൻ പറഞ്ഞിട്ടില്ല. അതാരും പറഞ്ഞിട്ടില്ല.
ഒരു സംഘടനയുണ്ടാവണം. എത്ര കാലം എടുത്ത് ഉണ്ടാക്കിയ സംഘടനയാണ്. അതിന് നല്ലൊരു ലീഡർഷിപ്പ് വരികയാണെങ്കിൽ കൊള്ളാം. എന്നാൽ ഒരു കാര്യമുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു സെൻസേഷണലിസത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമാകില്ല. കാരണം അത് ഉറപ്പ് വരുത്താൻ നമ്മൾ എല്ലാവരുമുണ്ട്.

കാരണം ഞങ്ങളുടെ ചോരയും നീരും കഷ്ടപ്പാടുകളുമൊക്കെ അതിലേക്ക് പോയിട്ടുണ്ട്. ആരെയും പേടിപ്പിക്കാനോ വലിച്ച് താഴെയിടാനോ വേണ്ടിയല്ല ഒന്നും ചെയ്യുന്നത്. ന്യായവും തുല്യവുമായ ജോലിസ്ഥലം എല്ലാവർക്കും ലഭിക്കണം എന്നതിന് വേണ്ടിയാണ് എന്നാണ് പാർവതി പറഞ്ഞത്. അതേസമയം കേരളപിറവി ദിനത്തോടനുബന്ധിച്ച് അമ്മ ഓഫിസിൽ കുടുംബ സംഗമം നടന്നിരുന്നു.
ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എത്തിയിരുന്നു. അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ മോഹൻലാലുമായി ചർച്ച നടത്തിയെന്നും അതിനുള്ള തുടക്കം താൻ കുറിച്ചുവെന്നും എല്ലാവരേയും തിരിച്ച് കൊണ്ട് വരുമെന്നുമാണ് സുരേഷ് ഗോപി അന്ന് പറഞ്ഞത്.


Click it and Unblock the Notifications